അഭിറാം മനോഹർ|
Last Modified തിങ്കള്‍, 10 നവംബര്‍ 2025 (18:35 IST)
ഐപിഎല്ലിലെ അടുത്ത സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈയിലെത്തിയാല്‍ സീസണിന്റെ മധ്യേ എം എസ് ധോനി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. സഞ്ജു ചെന്നൈയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കൈഫിന്റെ പ്രതികരണം.
2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ധോനി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് വിട്ട് പോയിട്ടില്ല. 2022ലെ ഐപിഎല്ലില്‍ രവീന്ദ്ര ജഡേജയെ നായകനാക്കി ചെന്നൈ പരീക്ഷണം നടത്തിയെങ്കിലും അത് പൂര്‍ണപരാജയമായി മാറിയിരുന്നു. ഇതോടെ ധോനി തന്നെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. സഞ്ജു എത്തുന്നതോടെ മികച്ച നായകനെ ചെന്നൈയ്ക്ക് ലഭിക്കും. അങ്ങനെയെങ്കില്‍ സീസണിന്റെ മധ്യത്തില്‍ എം എസ് ധോനി തന്റെ ഐപിഎല്‍ കരിയര്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. കൈഫ് പറയുന്നു.
ധോനിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ചെന്നൈയ്ക്ക് മുന്നില്‍ വലിയ തലവേദനയാണ്. ധോനിയുടെ റോള്‍ ഏറ്റെടുത്തെങ്കിലും അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ ജഡേജയ്ക്കായിരുന്നില്ല. ചെന്നൈയുടെ ഭാവി കൂടി കണക്കിലെടുത്ത് ധോനിയുടെ അനുവാദത്തോടെയാകും സഞ്ജുവിന്റെ ചെന്നൈ പ്രവേശനം. കൈഫ് പറഞ്ഞു.