അഭിറാം മനോഹർ|
Last Modified വ്യാഴം, 28 മാര്‍ച്ച് 2024 (15:28 IST)
ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ബൗളിംഗ് പ്രകടനം കൊണ്ട് ഞെട്ടിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ യുവ ഫാസ്റ്റ് ബൗളറായ ക്വെന മഫാക്ക. ജസ്പ്രീത് ബുമ്രയേക്കാള്‍ മികച്ച താരമാകുമെന്ന പ്രതീക്ഷിക്കുന്നതായി മഫാക്ക പറഞ്ഞ വാചകങ്ങള്‍ക്ക് പിന്നാലെ അണ്ടര്‍ 19ല്‍ വമ്പന്‍ പ്രകടനം നടത്താന്‍ താരത്തിനായിരുന്നു. വിദേശപേസര്‍മാര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ അപ്രതീക്ഷിതമായാണ് മഫാക്കയ്ക്ക് ഐപിഎല്ലില്‍ മുംബൈ ടീമില്‍ കളിക്കാനായി വിളിയെത്തുന്നത്. എന്നാല്‍ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന വമ്പന്മാരുടെ ബാറ്റിന്റെ ചൂടറിയാനായിരുന്നു മഫാക്കയുടെ വിധി.
തന്റെ അരങ്ങേറ്റ ഐപിഎല്‍ മത്സരത്തില്‍ ഒരു വിദേശതാരം വഴങ്ങുന്ന രണ്ടാമത്തെ വിലയേറിയ സ്‌പെല്ലാണ് മഫാക്ക വഴങ്ങിയത്. ബുമ്രയേക്കാള്‍ മികച്ചവനെന്ന് വീരവാദം മുഴക്കിയ താരമായതിനാല്‍ തന്നെ രൂക്ഷവിമര്‍ശനമാണ് മഫാക്കയുടെ പ്രകടനത്തിന് നേരെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസപേസറായ ഡെയ്ല്‍ സ്‌റ്റെയ്ന്‍ നടത്തിയത്. അണ്ടര്‍ 19ല്‍ കളിക്കുന്നത് പോലെയല്ല പ്രൊഫഷണല്‍ സീനിയര്‍ ലെവലില്‍ കളിക്കുന്നതെന്ന് മഫാക്ക മനസിലാക്കികാണുമെന്ന് സ്‌റ്റെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. മത്സരത്തിലെ ആദ്യ ഓവറില്‍ 7 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് തുടങ്ങിയതെങ്കിലും രണ്ടാം ഓവറില്‍ 22 റണ്‍സും മൂന്നാം ഓവറില്‍ 20 റണ്‍സും നാലാം ഓവറില്‍ 18 റണ്‍സും താരം വിട്ടുകൊടുത്തു. 12 ബൗണ്ടറികളാണ് ആകെയെറിഞ്ഞ 24 പന്തുകളില്‍ താരം വഴങ്ങിയത്. 4 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റുകളൊന്നും തന്നെ മത്സരത്തില്‍ നേടാനായിരുന്നില്ല.