രേണുക വേണു|
Last Modified ബുധന്‍, 28 മെയ് 2025 (10:22 IST)
Jitesh Sharma - Digvesh Rathi Mankading: ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു ആറ് വിക്കറ്റ് ജയം സമ്മാനിച്ചതില്‍ നായകന്‍ ജിതേഷ് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സ് നിര്‍ണായകമായി. വെറും 33 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 85 റണ്‍സ് അടിച്ചുകൂട്ടിയ ജിതേഷ് പുറത്താകാതെ നിന്നു. ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ശേഷിക്കെയാണ് ആര്‍സിബി മറികടന്നത്.
മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ജിതേഷിനെ മങ്കാദിങ്ങിലൂടെ പുറത്താക്കാന്‍ ലഖ്‌നൗ താരം ദിഗ്വേഷ് രാതി ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ദിഗ്വേഷ് എറിഞ്ഞ 17-ാം ഓവറിലെ അവസാന പന്തിലായിരുന്നു മങ്കാദിങ് ശ്രമം. മങ്കാദിങ് തീരുമാനവുമായി മുന്നോട്ടു പോകുന്നുണ്ടോയെന്ന് ഓണ്‍ഫീല്‍ഡ് അംപയര്‍ രാതിയോടു ചോദിക്കുകയും ലഖ്‌നൗ താരം വിക്കറ്റിനായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനുപിന്നാലെ ഓണ്‍ഫീല്‍ഡ് അംപയര്‍ ടിവി അംപയറുടെ സഹായം തേടി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദിഗ്വേഷ് മങ്കാദിങ് ചെയ്യുന്ന സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ജിതേഷ് ശര്‍മ ക്രീസിനു പുറത്താണെന്ന് വ്യക്തമായി. എന്നാല്‍ വിവിധ ആംഗിളുകള്‍ പരിശോധിച്ച ശേഷം ടിവി അംപയര്‍ നോട്ട്ഔട്ട് വിധിക്കുകയായിരുന്നു.
ലഖ്‌നൗ നായകന്‍ റിഷഭ് പന്ത് മങ്കാദിങ് അപ്പീല്‍ പിന്‍വലിച്ചതായി കമന്റേറ്റര്‍മാര്‍ ആ സമയത്ത് പറയുന്നുണ്ടായിരുന്നു. സ്‌ക്രീനില്‍ 'നോട്ട് ഔട്ട്' തെളിഞ്ഞപ്പോള്‍ കാണികള്‍ കരുതിയത് ലഖ്‌നൗ നായകന്‍ അപ്പീല്‍ പിന്‍വലിച്ചതുകൊണ്ട് വിക്കറ്റ് അനുവദിക്കാത്തതാണെന്നാണ്. എന്നാല്‍ റിഷഭ് പന്ത് അപ്പീല്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കിലും അത് ഔട്ട് അല്ല !
Mankading Rule: രാജ്യാന്തര ക്രിക്കറ്റില്‍ പിന്തുടരുന്ന എംസിസി നിയമം 38.3.1 ലാണ് മങ്കാദിങ് വിക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നത്. ബൗളര്‍ തന്റെ ആക്ഷന്‍ പൂര്‍ത്തിയാക്കുകയും പോപ്പിങ് ക്രീസിനു പുറത്ത് പോകുകയും ചെയ്താല്‍ പിന്നീട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്ററെ മങ്കാദിങ്ങിലൂടെ പുറത്താക്കാന്‍ സാധിക്കില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ലഖ്‌നൗ ബൗളര്‍ ദിഗ്വേഷ് രാതി ജിതേഷിനെ പുറത്താക്കിയത് നിയമപ്രകാരം അനുവദനീയമല്ല. ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് മാത്രമേ ഇത്തരത്തില്‍ ഔട്ടാക്കാന്‍ സാധിക്കൂ.
ബൗളര്‍ പന്ത് റിലീസ് ചെയ്യാനുള്ള ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പ് വരെ മങ്കാദിങ് നിയമത്തിന്റെ ആനുകൂല്യം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവിടെ ദിഗ്വേഷ് രാതി പോപ്പിങ് ക്രീസ് കടക്കുന്നതും ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബൗളിങ് ആക്ഷന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ എത്തുന്ന നിമിഷമാണ് സാധാരണയായി ബൗളര്‍ പന്ത് റിലീസ് ചെയ്യുന്ന സമയമെന്ന് കരുതുന്നത്.