രേണുക വേണു|
Last Modified വ്യാഴം, 8 മെയ് 2025 (06:35 IST)
Chennai Super Kings vs Kolkata Knight Riders: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നേരിയ പ്ലേ ഓഫ് സാധ്യത തല്ലിക്കെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ചെന്നൈയോടു രണ്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്തുകളും രണ്ട് വിക്കറ്റുകളും ശേഷിക്കെ ചെന്നൈ ലക്ഷ്യംകണ്ടു.
ചെന്നൈയ്ക്കു വേണ്ടി ഡെവാള്‍ഡ് ബ്രെവിസ് അര്‍ധ സെഞ്ചുറി നേടി. 25 പന്തുകള്‍ നേരിട്ട ബ്രെവിസ് നാല് ഫോറും നാല് സിക്‌സും സഹിതം 52 റണ്‍സെടുത്തു. ശിവം ദുബെ (40 പന്തില്‍ 45), ഉര്‍വില്‍ പട്ടേല്‍ (11 പന്തില്‍ 31), രവീന്ദ്ര ജഡേജ (10 പന്തില്‍ 19), മഹേന്ദ്രസിങ് ധോണി ((18 പന്തില്‍ പുറത്താകാതെ 17) എന്നിവരും ചെന്നൈയ്ക്കായി തിളങ്ങി.
കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ചെന്നൈയ്‌ക്കെതിരെ ജയം അനിവാര്യമായിരുന്നു. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയത്തോടെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും ഇനി പ്ലേ ഓഫ് കയറുക കൊല്‍ക്കത്തയ്ക്ക് പ്രയാസകരമാണ്.
പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ ടീമാണ് ചെന്നൈ. കൊല്‍ക്കത്തയ്‌ക്കെതിരായ ജയം ചെന്നൈയ്ക്ക് ഈ സീസണില്‍ ഒരു സാധ്യതയും തുറക്കുന്നില്ല. ആദ്യം പുറത്തായ ടീം ചെറിയ സാധ്യത ഉണ്ടായിരുന്ന മറ്റൊരു ടീമിനു എട്ടിന്റെ പണി കൊടുക്കുന്ന കാഴ്ചയ്ക്കാണ് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്.