ആശയം തെറ്റായി വ്യാഖ്യാനിച്ചു: ബുക്കാനന്‍

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (19:08 IST)
ഒരു മത്സരത്തില്‍ നാല്‌ ക്യാപ്റ്റന്‍‌മാരെന്ന തന്‍റെ ആശയം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് കൊല്‍‌ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകന്‍ ജോണ്‍ ബുക്കാനന്‍ പറഞ്ഞു. ഒരു മത്സരത്തില്‍ ഒന്നിലധികം ക്യാപ്റ്റന്‍‌മാരെ കുത്തിനിറയ്ക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരോ മത്സരത്തിനും ഓരോ നായകന്‍‌മാരാകും ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജോഹന്നാസ്ബെര്‍ഗില്‍ നിന്നും പുറത്തിറങ്ങുന്ന ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബുക്കാനന്‍.

തന്‍റെ ആശയം കൂടുതല്‍ പേരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന മുഖവുരയോടെയാണ് ബുക്കാനന്‍ ഇക്കാ‍ര്യം വിശദീകരിച്ചത്. ഓരോ മത്സരത്തിലും നിയോഗിക്കപ്പെടുന്ന ക്യാപ്റ്റന് ബൌളിംഗിലെ മാറ്റങ്ങളും ഫീല്‍ഡിംഗ് വിന്യാസവും ഉള്‍പെടെയുള്ള സ്വാഭാവിക ചുമതലകള്‍ മാത്രമാകും ഉണ്ടാകുകയെന്ന് അദ്ദേഹം വിശദീകരിച്ചു.

ട്വന്‍റി-20 പോലെ ചടുലമാര്‍ന്ന ഒരു കളിയില്‍ കൂടുതല്‍ ഡിസിഷന്‍ മേക്കേര്‍സ് ഉണ്ടാകുന്നത് ഗുണം ചെയ്യുമെന്നും അതിനാലാണ് ആശയം മുന്നോട്ടുവെച്ചതെന്നും ബുക്കാനന്‍ പറഞ്ഞു. ഒരോരുത്തരും ആശയങ്ങള്‍ വിവിധ രീതിയിലാണ് ചിന്തിക്കുന്നതെന്നും ഇത് കൂടുതല്‍ പ്രയോജനകരമാകുമെന്നും ബുക്കാനന്‍ കൂട്ടിച്ചേര്‍ത്തു.

ഏതാനും നാള്‍ മുമ്പാണ് ബുക്കാനന്‍ ഒന്നിലധികം ക്യാപ്റ്റന്‍മാര്‍ എന്ന പുതിയ ആശയം ടീമില്‍ നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചത്. ബൌളിംഗ്, ഫീല്‍ഡിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ സ്പെഷ്യലിസ്റ്റ് ക്യാപ്റ്റന്‍മാരെ ഉള്‍പ്പെടുത്തുന്നതായിരുന്നു ആശയം.

ഇന്ത്യന്‍ ടീമിന്‍റെ മുന്‍ നായകന്‍ സൌരവ് ഗാംഗുലിയാണ് നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റന്‍. ഗാംഗുലിയെ ഈ സ്ഥാനത്ത് നിന്നും നീക്കാനുള്ള ആസൂത്രിത നീക്കമായിട്ടാണ് ബുക്കാനന്‍റെ ആശയം വ്യാഖ്യാനിക്കപ്പെട്ടത്.

ഗാംഗുലിയും ബുക്കാനനും തമ്മിലുള്ള പ്രത്യക്ഷയുദ്ധത്തിലേക്കാണ് ഇത് വഴി തെളിച്ചത്. കൊല്‍ക്കത്തയില്‍ ഗാംഗുലിയുടെ ആരാധകര്‍ ബുക്കാനനെതിരെ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. ഒടുവില്‍ ടീം ഉടമ ഷാരൂഖ് ഖാന്‍ ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :