'എവിടെ യുവി'; ഇർഫാൻ പത്താന്റെ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇഷാൻ കിഷൻ ടീമിലെത്തിയതോടെ യുവി ടീമിനു വെളിയിലായി.

Last Modified വെള്ളി, 19 ഏപ്രില്‍ 2019 (12:05 IST)
ഐപിഎൽ ഈ സീസണിൽ വെറ്ററൻ താരം യുവരാജ് സിങിന്റെ മുംബൈ ഇന്ത്യൻസിലേക്കുള്ള വരവ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. താര ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ വിൽക്കപ്പെടാതെ പോയ യുവിയെ രണ്ടാം അവസരത്തിൽ അടിസ്ഥാനവില നൽകി മുംബൈ സ്വന്തമാക്കുകയായിരുന്നു.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച ബാറ്റിങ് പുറത്തെടുക്കാൻ യുവരാജിന് സാധിച്ചതോടെ ആരാധകർ ആവേശത്തിലായി. എന്നാൽ പഞ്ചാബിനെതിരെ 18 റൺസിൽ പുറത്തായ യുവി, ചെന്നൈക്കെതിരെ നാല് റൺസിന് പുറത്തായി. പ്രകടനം മോശമായതോടെ ഈ സൂപ്പർ താരത്തിന് ടീമിനു പുറത്തേക്കുള്ള വഴിയും തെളിഞ്ഞു.

ഇഷാൻ കിഷൻ ടീമിലെത്തിയതോടെ യുവി ടീമിനു വെളിയിലായി. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ അസുഖത്തെത്തുടർന്ന് ഇഷാൻ കിഷന് കളിക്കാനാകില്ലെന്ന് ഉറപ്പായപ്പോൾ യുവി ടീമിലേക്ക് തിരിച്ചുവരുമെന്ന് ആരാധക‌ർ കരുതിയെങ്കിലും അതുണ്ടായില്ല. ആരാധകരെ ഇക്കാര്യം വളരെയധികം നിരാശപ്പെടുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി.

ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും ട്വിറ്ററിലൂടെ ഈ സംഭവത്തിൽ പ്രതികരിച്ചു. 'എവിടെ യുവി' എന്ന ഒറ്റ ചോദ്യത്തിലൂടെ ഇർഫാൻ തന്റെ നിരാശ പ്രകടിപ്പിച്ചു. യുവിയെ തുടർച്ചയായി തഴയുന്ന മുംബൈ മാനേജ്മെന്റിനെതിരെ ആരാധകർ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :