മുംബൈ|
Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (17:50 IST)
കുതിച്ചുപാഞ്ഞ പടക്കുതിരയെ പിടിച്ചു കെട്ടിയതിന് തുല്യമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിനെ രോഹിത് ശര്‍മ്മയുടെ മുബൈ ഇന്ത്യന്‍സ് കീഴടക്കിയത്. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ തോൽവിയാണ് മഞ്ഞപ്പടയ്‌ക്ക് നേരിടേണ്ടി വന്നത്.
ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് 37 റൺസിന്റെ തോല്‍വി മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ചെന്നൈയുടെ നിയന്ത്രണത്തിലായിരുന്ന മത്സരം മുംബൈ പിടിച്ചെടുക്കാന്‍ പല കാരണങ്ങളുണ്ട്.
ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് ചെന്നൈയെ തോല്‍പ്പിച്ച പ്രധാന കാരണം. എട്ടു പന്തില്‍ 25 റണ്‍സെടുത്ത പാണ്ഡ്യ ധോണിയുടേതടക്കം മൂന്ന് വിക്കറ്റും വീഴ്ത്തിയാണ് കളി വഴിതിരിച്ചു വിട്ടത്. ഓപ്പണിംഗില്‍ അമ്പാട്ടി റായുഡു വീണ്ടും പരാജയപ്പെട്ടതും വെടിക്കെട്ട് താരം ഷെയ്‌ന്‍ വാട്‌സണ്‍ അതിവേഗം കൂടാരം കയറിയതും ചെന്നൈയുടെ നടുവൊടിച്ചു.
കേദാര്‍ ജാദവ് പൊരുതിയെങ്കിലും സ്‌കോര്‍ ഉയര്‍ത്തേണ്ട സമയത്തെ ധോണിയുടെ പുറത്താകല്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡെയ്‌ന്‍ ബ്രാവോ എന്നിവരുടെ പുറത്താകലും ചെന്നൈയെ തോല്‍വിയിലേക്ക് തള്ളിവിട്ടു.
പവർപ്ലേ ഓവറുകളിൽ ഉജ്വല ക്യാച്ചുകളിലൂടെ വാട്സൻ, റെയ്ന എന്നിവരെ മടക്കിയ കീറോൺ പൊള്ളാർഡിന്റെ ഫീൽഡിങ് മികവും മുംബൈയുടെ വിജയത്തിൽ നിർണായകമായി. അവാസാന രണ്ട് ഓവറുകളിൽ ആഞ്ഞടിച്ച ഹാർദികും, പൊള്ളാർഡും ധോണിയുടെ പ്ലാനിംഗ് തകര്‍ത്തു. ഇരുവരും ചേര്‍ന്ന് 45 റണ്‍സാണ് അടിച്ചു കൂട്ടിയത്. ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ 29 റൺസാണ് പിറന്നത്. സ്കോർ: മുംബൈ 20 ഓവറിൽ 5 വിക്കറ്റിനു 170; ചെന്നൈ 20 ഓവറിൽ 8 വിക്കറ്റിന് 133.