ഈ കളി ധോണിക്ക് ചേര്‍ന്നതോ ?; ക്യാപ്‌റ്റന്‍ കൂളിനെ ചൂടാക്കി മുന്‍ താരങ്ങള്‍ രംഗത്ത്

 dhoni , team chennai , ipl , rajasthan royals, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , രാജസ്ഥാൻ റോയൽസ് , മാർക്ക് വോ, ഷോണ്‍ ടെയ്റ്റ് , ധോണി
ജയ്‌പുര്‍| Last Modified വെള്ളി, 12 ഏപ്രില്‍ 2019 (15:39 IST)
രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മൽസരത്തിനിടെ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് ക്ഷുഭിതനായി മൈതാനത്തിറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രവര്‍ത്തി ശരിയോ തെറ്റോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ആളിക്കത്തുന്നത്.

ധോണിയെ പിന്തുണച്ച് ആരാധകര്‍ രംഗത്ത് എത്തിയപ്പോള്‍ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍ രംഗത്തു വന്നു. മുൻ ഇംഗ്ലണ്ട് നായകനും ഐപിഎല്ലിൽ കമന്റേറ്ററുമായി മൈക്കൽ വോണ്‍ ആ‍ണ് ഏറ്റവും രൂക്ഷ വിമർശനമുയർത്തി രംഗത്തെത്തിയത്.

ഈ രാജ്യത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ മൈതാനത്തിറങ്ങാനും അവിടെ പോയി അംപയറിനു നേരെ കൈചൂണ്ടി ക്ഷുഭിതനായി സംസാരിക്കാനും ധോണിക്ക്
അവകാശമില്ലെന്നാണ് വോണ്‍ വ്യക്തമാക്കിയത്.

ഓസീസ് താരങ്ങളായ മാർക്ക് വോ, ഷോണ്‍ ടെയ്റ്റ് എന്നിവരും ധോണിയെ വെറുതേ വിട്ടില്ല. മൈതാനത്തിറങ്ങി അമ്പയര്‍മാരെ ചോദ്യം ചെയ്‌ത ധോണിയുടെ രീതി ശരിയാണെന്നു തോന്നുന്നില്ലെന്നാണ് (രാജസ്ഥാൻ റോയൽസ് താരവും ഇംഗ്ലണ്ട് താരവുമായ ജോസ് ബട്‍ലർ പറഞ്ഞത്.

മുൻ ഇന്ത്യൻ താരങ്ങളായ ഹേമാങ് ബദാനി, ആകാശ് ചോപ്ര, ദീപ്ദാസ് ഗുപ്ത എന്നിവരും ധോണിക്കെതിരെ വാളെടുത്തു. എന്നാ‍ല്‍ അവിടെ സംഭവിച്ച കാര്യങ്ങളിൽ വ്യക്തത തേടുക മാത്രമാണ് ധോണി ചെയ്‌തതെന്നായിരുന്നു ചെന്നൈയുടെ പരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിങ് വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :