ന്യൂഡല്‍ഹി|
jibin|
Last Updated:
വെള്ളി, 5 മെയ് 2017 (14:52 IST)
റിഷഭ് പന്ത് എന്ന പത്തൊമ്പതുകാരന്റെ ദിവസമായിരുന്നു വ്യാഴാഴ്‌ച. ബോളര്‍മാരെ തെല്ലും ഭയമില്ലാതെ നേരിട്ട ഈ ചെറുപ്പക്കാരന്‍ ഗുജറാത്ത് ലയണ്‍സിനെതിരെ മാരകപ്രകടനമാണ് പുറത്തെടുത്തത്. 43 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്സറും സഹിതം 97 റണ്‍സാണ് ലയണ്‍സിനെതിരെ പന്ത് നേടിയത്.
ലയണ്‍സ് ഉയര്‍ത്തിയ 208 എന്ന കൂറ്റന്‍ ടോട്ടല്‍ പന്തിന്റെ പ്രകടന മികവില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു. ലയണ്‍സിന്റെ മികച്ച ബോളര്‍മാരെ ധൈര്യത്തോടെ നേരിട്ട പന്ത് സെഞ്ചുറി നേടുമെന്ന് തോന്നിച്ചുവെങ്കിലും ബേസില്‍ തമ്പിയെ സിക്‌സിന് പറത്താനുള്ള ശ്രമത്തിനിടെ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
സെഞ്ചുറി നേടാന്‍ കഴിയാത്തതിന്റെ സങ്കടം താങ്ങാന്‍ സാധിക്കാതെ പന്ത് കരയുമെന്ന ഘട്ടത്തിലെത്തി. ഇതോടെ ലയണ്‍സ് നായകന്‍ സുരേഷ് റെയ്‌ന റിഷഭ് പന്തിന്റെ അടുത്തേക്ക് ഓടിയെത്തുകയും കവിളില്‍ തലോടി ആശ്വസിപ്പിക്കുകയായിരുന്നു. മുതിര്‍ന്ന താരങ്ങള്‍ യുവതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് ഇവിടെ കണ്ടത്.
സ്കോര്‍: ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ 208/7. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 17.3 ഓവറില്‍ 214/3.
ഈ ജയത്തോടെ 10 കളികളില്‍ എട്ടു പോയന്റുമായി ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ തോല്‍വിയോടെ 11 കളികളില്‍ 6 പോയന്റ് മാത്രമുള്ള ഗുജറാത്ത് പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി മാറുകയും ചെയ്തു.