IPL 10: പ്രാഥമിക പാഠം പോലും ഗംഭീര്‍ മറന്നു; പക്ഷേ, രോഹിത്ത് എല്ലാം മനസിലാക്കിയിരുന്നു - കൊല്‍ക്കത്തയുടെ തോല്‍‌വിക്ക് കാരണം ഇക്കാരണങ്ങളോ ?!

കൊല്‍ക്കത്തയുടെ തോല്‍‌വിക്ക് കാരണം ഇക്കാരണങ്ങളോ ?!

  IPL , IPL 10 , kolkata knight riders , mumbai indians , Gautam Gambhir , Rohit Sharma , Rohit , ഐപിഎല്‍ , മുംബൈ ഇന്ത്യന്‍‌സ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , പൂനെ സൂപ്പര്‍ ജയന്റ് , ഐ പി എല്‍ ഫൈനല്‍ , ഗൌതം ഗംഭീര്‍ , രോഹിത് ശര്‍മ്മ
ബാംഗ്ലൂര്‍| jibin| Last Updated: ശനി, 20 മെയ് 2017 (15:08 IST)
ടോസിന്റെ ആനുകൂല്യം ആര്‍ക്കാണോ ലഭിക്കുന്നത്, അവര്‍ക്കാണ് മുന്‍‌തൂക്കമെന്ന പ്രവചനം ശരിയായപ്പോള്‍ ഐപിഎല്‍ പത്താം സീസണിന്റെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നാണംകെട്ട തോല്‍‌വി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ചീട്ടുകൊട്ടാരം പോലെ കൊല്‍ക്കത്ത തകര്‍ന്നപ്പോള്‍ പ്രതീക്ഷകള്‍ തകിടം മറിക്കാതെ മുംബൈ ഇന്ത്യന്‍‌സ് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കി.


ആദ്യ ക്വാളിഫയറില്‍ മുംബൈയെ കിഴടക്കിയ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റാണ് ഞായറാഴ് ഹൈദരാബാദില്‍ നടക്കുന്ന ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍.

മികച്ച താരങ്ങളുള്ള കൊല്‍ക്കത്തയുടെ തോല്‍‌വിക്ക് കാരണമായത് ടോസിലെ ഭാഗ്യക്കേടാണ്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഗൌതം ഗംഭീറിനും കൂട്ടര്‍ക്കും മുബൈയുടെ ഓള്‍റൌണ്ട് മികവിനു മുമ്പില്‍ തൊട്ടതെല്ലാം പിഴച്ചു.

രണ്ട് കൂട്ടത്തകര്‍ച്ചകളാണ് കൊല്‍ക്കത്തയെ സമ്മര്‍ദ്ദത്തിലാക്കിയത്. തുടക്കത്തില്‍ ഏഴു റണ്‍സിനിടെയും അവസാനഘട്ടത്തില്‍ 14 റണ്‍സ് എടുക്കുന്നതിനിടെയിലും നാലു വിക്കറ്റ് വീതം വീണതാണ് തിരിച്ചടിയായത്. തകര്‍പ്പനടിക്കാരനായ ക്രിസ് ലിനും നരെയ്നും തുടക്കത്തില്‍ തന്നെ പതറി വീണതോടെ സ്‌കോര്‍ബോര്‍ഡ് അനങ്ങാതായി. തുടര്‍ന്ന് എത്തിയവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലുമുള്ള ക്ഷമ കാണിക്കാതെ മടങ്ങുകയും ചെയ്‌തു.

വേഗം കുറഞ്ഞ പിച്ചില്‍ തന്ത്ര പൂര്‍വ്വം ബാറ്റ് ചെയ്യണമെന്ന പ്രാഥമിക പാഠം ഗംഭീറും മറന്നു. ക്രിസ് ലിന്‍ പുറത്തായതോടെ അടിച്ചു തകര്‍ക്കാനുള്ള ചുമതല ഏറ്റെടുക്കേണ്ടിവന്ന നരെയ്‌നും പിഴച്ചു. മലിംഗയെ സിക്‍സറിന് പറത്തിയ വിന്‍ഡീസ് താരം കര്‍ണ്‍ ശര്‍മ്മയ്‌ക്ക് മുമ്പില്‍ കറങ്ങി വീണു.

മിച്ചല്‍ ജോണ്‍സണെ ബൌണ്ടറി കടത്തി തുടങ്ങിയ ഗംഭീര്‍ പിച്ചിന്റെ സ്വഭാവം മറന്നാണ് ബാറ്റ് വീശിയത്. താളം കണ്ടെത്താനും തുടര്‍ന്ന് റണ്‍സ് അതിവേഗം സ്‌കോര്‍ ചെയ്യുകയും വേണമെന്ന തത്വം ഗംഭീറും മറന്നതോടെ മുംബൈക്ക് നേട്ടമായി. കൂറ്റനടകളുടെ പേരില്‍ പ്രശസ്‌തനായ റോബിന്‍ ഉത്തപ്പയും ടീമിനെ ചുമലിലേറ്റാന്‍ മടി കാണിച്ചതോടെ കാര്യങ്ങള്‍ മുംബൈയുടെ വഴിക്കായി.

ഒരു ഘട്ടത്തില്‍ പോലും മുബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞില്ല. പൊരുതാനുള്ള സ്‌കോറെങ്കിലും കണ്ടെത്താന്‍ കഴിയാതിരുന്നത് മുംബൈയ്‌ക്ക് ജയസാധ്യത വര്‍ദ്ധിപ്പിച്ചു. സൂര്യകുമാര്‍ യാദവും ഇഷാന്ത് ജഗ്ഗിയും(28) ചേര്‍ന്ന് ആറാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തില്ലായിരുന്നെങ്കില്‍ കൊല്‍ക്കത്തയുടെ നില കൂടുതല്‍ പരിതാപകരമായേനെ.

നാലോവറില്‍ 16 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തിയ കരണ്‍ ശര്‍മയും മൂന്നോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബൂമ്രയുമാണ് കൊല്‍ക്കത്തയെ നാശത്തിലേക്ക് തള്ളിവിട്ടത്. വേഗം കുറഞ്ഞ പിച്ചില്‍ ഇരുവരും മനോഹരമായി പന്തെറിഞ്ഞതോടെ രോഹിത് ശര്‍മ്മയുടെ നീക്കങ്ങള്‍ ഫലവത്തായി.

107 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ മുംബൈ നിര അപ്രതീക്ഷിതമായി തകര്‍ന്നാല്‍ മാത്രമെ കൊല്‍ക്കത്തയ്ക്ക് എന്തെങ്കിലും സാധ്യതയുണ്ടായിരുന്നുള്ളു. കൊല്‍ക്കത്തയുടെ ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ 34/3 എന്ന നിലയില്‍ മുംബൈ പതറിയെങ്കിലും രോഹിത് ശര്‍മയും(26) ക്രുനാല്‍ പാണ്ഡ്യയും(42 നോട്ടൗട്ട്) ഉറച്ചുനിന്നതോടെ അപകടം ഒഴിവാകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :