റഷ്യയുമായുള്ള യുഎസ് പിന്തുണയോടെയുള്ള ചര്‍ച്ചകള്‍ക്ക് ഉക്രെയ്ന്‍ തയ്യാര്‍: സെലെന്‍സ്‌കി
അമേരിക്കയുമായും റഷ്യയുമായും ഈ മാസം തന്നെ ത്രികക്ഷി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. കീവില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുക്രെയ്ന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. നാലര വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലേക്ക് വേഗത്തില്‍ മടങ്ങിയെത്തുന്നതിനെ യുക്രെയ്ന്‍ പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ വാഷിംഗ്ടണ്‍ യുദ്ധം ആരംഭിച്ചതോടെ വെടിനിര്‍ത്തല്‍ കരാറിനായുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഒക്ടോബര്‍ അവസാനത്തോടെ സാങ്കേതികതല ചര്‍ച്ചകള്‍ നടത്താന്‍ വാഷിംഗ്ടണ്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. നേരത്തെ ചര്‍ച്ചകള്‍ക്ക് വേദിയായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വീണ്ടും ഒരു കൂടിക്കാഴ്ചയുടെ വേദിയായേക്കാമെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം സ്ഥിരീകരിച്ചു.
'ഈ സമയക്രമത്തെ പിന്തുണയ്ക്കാന്‍ ഞങ്ങളുടെ പക്ഷം തയ്യാറാണെന്ന് ഞാന്‍ [അമേരിക്കയെ] അറിയിച്ചു എന്ന് പറഞ്ഞ സെലെന്‍സ്‌കി, യുഎഇയിലോ അല്ലെങ്കില്‍ 'അമേരിക്കന്‍ പക്ഷം നിര്‍ദ്ദേശിക്കുന്ന മറ്റൊരു രാജ്യത്തോ' വെച്ച് കൂടിക്കാഴ്ച നടത്താന്‍ കീവ് തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതിയെക്കുറിച്ച് വാഷിംഗ്ടണ്‍ മോസ്‌കോയുമായും ആശയവിനിമയം നടത്തിയിരുന്നതായി സെലെന്‍സ്‌കി പറഞ്ഞു. ഈ മാസം ത്രികക്ഷി ചര്‍ച്ചകള്‍ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ക്രെംലിന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
