1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump urges Tehran evacuation

യുദ്ധം നിർത്തണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടില്ല, ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണം, സത്യത്തിൽ യുദ്ധത്തിന് പിറകിൽ അമേരിക്കൻ താല്പര്യമോ?

Donald trump
ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ടെഹ്‌റാനില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്. എല്ലാവരും എത്രയും പെട്ടെന്ന് ടെഹ്‌റാന്‍ ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. ഇറാന് ആണവായുധം കൈവശം വെയ്ക്കാന്‍ കഴിയില്ലെന്ന് താന്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
 
വടക്ക് കിഴക്കന്‍ ടെഹ്‌റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പദ്ധതിയുള്ളതിനാലാണ് ടെഹ്‌റാനിലെ ജനങ്ങള്‍ക്ക് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ട്രംപും ഇറാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനിടെ കാനഡയില്‍ ചേര്‍ന്ന ജി 7 ഉച്ചക്കോടിയില്‍ ഇറാന്‍- ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രസ്താവനയില്‍ ഒപ്പിടാന്‍ ട്രംപ് തയ്യാറായില്ല. ജി 7 ഉച്ചകോടി ഒരു ദിവസം വെട്ടിചുരുക്കി മടങ്ങുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാനാണ് ട്രംപ് മടങ്ങുന്നതെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
അടുത്ത ലേഖനം
ആയത്തുള്ള ഖമൈനിയെ വധിക്കുന്നതോടെ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു, ഇസ്രായേൽ ആഗ്രഹിക്കുന്നത് ഇറാനിലെ ഭരണമാറ്റം?