1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Killing of ayotallah khamenei would end conflict says benchamin nethanyahu

ആയത്തുള്ള ഖമൈനിയെ വധിക്കുന്നതോടെ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു, ഇസ്രായേൽ ആഗ്രഹിക്കുന്നത് ഇറാനിലെ ഭരണമാറ്റം?

ayatollah-ali-khamenei, Israel-Lebanon conflict
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനിയെ വധിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ ഇസ്രായേലിന്റെ തുടര്‍ച്ചയായുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘര്‍ഷം നീട്ടുന്നതിന് പകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി.
 
ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ ഇസ്രായേല്‍ വ്യോമസേന വിമാനം 2 ഇറാനിയന്‍ എഫ് 14 യുദ്ധവിമാനങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതിനിടെ ഇസ്രായേല്‍ പ്രതിരോധ സേന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. തബ്രിസ് മേഖലയില്‍ എഫ് 35 യുദ്ധവിമാനം തകര്‍ത്തതായി ഇറാനും അവകാശപ്പെട്ടു. ആയത്തുള്ള അലി ഖമൈനിയെ വധിക്കുന്നതിലൂടെ ഇറാനിലെ മതഭരണകൂടത്തെ തകര്‍ക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. മതഭരണകൂടം ഇറാനില്‍ ചുമതലയേറ്റത് മുതലാണ് ഇസ്രായേലിനെതിരായ ഹമാസ്, ഹിസ്ബുള്ള പോരാട്ടങ്ങള്‍ ശക്തമായത്. അതിനാല്‍ തന്നെ ഭരണമാറ്റത്തിലൂടെ മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നത്. ഭരണമാറ്റത്തിലൂടെ അമേരിക്കന്‍ പാവ ഗവണ്മെന്റിനെ ഭരണചുമതല ഏല്‍പ്പിച്ച് സംഘര്‍ഷം അവസാനിപ്പിക്കാനാകും ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാനിലെ ജനങ്ങള്‍ ടെഹ്‌റാന്‍ വിടണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കാനാവുന്നതാണ്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; കേരളത്തില്‍ 261 കേസുകള്‍ കുറഞ്ഞു