ഫെന്നലിനെ ഉറക്കിയ ഇന്ത്യന്‍ ഷോ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (18:12 IST)
ലോകരാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കോമണ്‍‌വെല്‍ത്ത് ഫെഡറേഷന്‍റെ അധിപന്‍ മൈക്ക് ഫെന്നലിനെ ഉറക്കാന്‍ ഒരു ഇന്ത്യന്‍ ഷോയ്ക്ക് ആയെങ്കില്‍ അതില്‍‌പരം ചാരിതാര്‍ത്ഥ്യം എന്തുണ്ട് നമുക്ക്? അതിശയം തോന്നുന്നുണ്ടാകും അല്ലെ അല്ലെങ്കില്‍ അഭിമാനം.. രണ്ടായാലും വേണ്ടില്ല ഫെന്നല്‍ ഉറങ്ങിയെന്നതാണ് സത്യം.

അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന മഹാമാമാങ്കത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ഫെന്നലും സംഘവും. ഫെന്നലിനോടൊപ്പം എഴുപത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നായി 110 പ്രതിനിധികളും ഉണ്ടായിരുന്നു. എല്ലാവരും കൂടി മൂന്ന് ബസിലും എട്ട് കാറിലുമായിരുന്നു ഇന്ദ്രപ്രസ്ഥം ചുറ്റിയത്.

ഫെന്നലും പരിവാരവും ഗെയിംസ് വേദിയായ ത്യാഗരാജ സ്റ്റേഡിയത്തില്‍ എത്തിയപ്പോഴായിരുന്നു രസം. ഫെന്നല്‍ സാ‍യ്പ്പിനെ എങ്ങനെയെങ്കിലും കുപ്പിയിലിറക്കാന്‍ തലപുകച്ച സംഘാടകസമിതി ത്യാഗരാജ സ്റ്റേഡിയത്തില്‍ ഉഗ്രന്‍ ഒരു ‘കെണി‘ ഒരുക്കിയിരുന്നു. ഗെയിംസിനെയും ഒരുക്കങ്ങളെയും വേദികളെയും കുറിച്ച് സമഗ്രമായ ഒരു അനിമേഷന്‍ ഷോയായിരുന്നു ഒരുക്കിയിരുന്നത്.

വളരെ പ്രതീക്ഷയോടെ ഷോ ആരംഭിച്ച സംഘാടകരുടെ കണക്കുകൂട്ടല്‍ ഒട്ടും അസ്ഥാനത്തായില്ല. ഫെന്നല്‍ അധികം വൈകാതെ ഉറക്കം തുടങ്ങി. തലവന്‍ ഉറങ്ങി പിന്നെ ഞങ്ങള്‍ക്കെന്താ എന്ന വിചാരത്തോടെ കൂട്ടത്തിലുള്ള പലരും കസേരകളില്‍ ചാഞ്ഞു. പക്ഷെ പണി പാളിയത് പിന്നീടാണ്. ഫെന്നലിനൊപ്പം സ്റ്റേഡിയത്തില്‍ പ്രവേശിച്ച ചാനല്‍ വീരന്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഈ ദൃശ്യങ്ങള്‍ ഒട്ടും ചാരുത നഷ്ടപ്പെടാതെ പകര്‍ത്തി. ഷോയുടെ അവസാനം പലരും ഞെട്ടിയുണരുന്ന ദൃശ്യങ്ങള്‍ വരെ ക്യാമറയിലുണ്ടത്രെ!

ഇതിന്‍റെ കുറ്റബോധമാകാം തിരികെ നാട്ടിലെത്തിയ ഫെന്നല്‍ സായ്‌വ് ഇന്ത്യാക്കാര്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. ഒരു ഗെയിംസല്ല വേണമെങ്കില്‍ രണ്ട് ഗെയിംസ് ഒരുമിച്ച് നടത്താന്‍ ഇന്ത്യയ്ക്ക് കഴിയും എന്ന മട്ടിലായിരുന്നു സായ്‌വിന്‍റെ പ്രതികരണം. പാവം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഗെയിംസ് വില്ലേജിന് പിന്നിലെ കുപ്പത്തൊട്ടിയെക്കുറിച്ചും കെട്ടിടം പണി തീരാത്തതിനെക്കുറിച്ചുമൊക്കെ എഴുതിയും അച്ചുനിരത്തിയും എത്ര സമയം കളഞ്ഞു?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :