കാശു മുടക്കി 'നാണം മാറ്റാന്‍' സ്കോള്‍സ്

ലണ്ടന്‍| WEBDUNIA|
ഇംഗ്ലീഷ് ഫുട്ബോള്‍ താരമായ പോള്‍ സ്കോള്‍സ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത് നാണം കുണുങ്ങിയെന്നാണ്. ഇംഗ്ലണ്ട് ദേശീയ ഫുട്ബോളില്‍ നിന്നും ഓള്‍ഡ് ട്രഫോര്‍ഡില്‍ ചുവന്ന ചെകുത്താന്‍മാരുടെ( മാഞ്ചസ്റ്റര്‍ യുണൈറ്റഡ്) ഇടയിലെത്തിയിട്ടും പോള്‍ സ്വഭാവം മാറ്റിയില്ല. നാണം കുണുങ്ങിയായിത്തന്നെ നിന്നു.

എന്നാല്‍ ഇനി ഈ ‘പെരുദോഷം’ മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മുപ്പത്തിനാലുകാരനായ സ്കോള്‍സ്. ഇതിന് പറ്റിയ മുഹൂര്‍ത്തവും അദ്ദേഹം കണ്ടുപിടിച്ചു. തന്‍റെ പത്താം വിവാഹ വാര്‍ഷികം. ബാല്യകാലസഖിയായിരുന്ന ക്ലെയറിനെ സ്വന്തമാക്കിയതിന്‍റെ പത്താം വാര്‍ഷികം.

വെറുതെ പറഞ്ഞാ‍ല്‍ പോരല്ലോ ആഘോഷം കൊഴുക്കണമെങ്കില്‍ ‘തുട്ടിറക്കണം‘. അതിപ്പൊ ഇംഗ്ലണ്ടിലായാലും ഇന്ത്യയിലായാലും ഒരുപോലെ തന്നെ.. അങ്ങനെ ബഡ്ജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയായി. ക്രിയാത്മകമായ ചര്‍ച്ചയ്ക്കൊടുവില്‍ ധനവിനിയോഗത്തെക്കുറിച്ച് പോള്‍ ഒരു തീരുമാനത്തിലെത്തി. ഒരു ലക്ഷം പൌണ്ട് ഇറക്കാം. ആദ്യം ചെറിയ മടിയൊക്കെ തോന്നിയെങ്കിലും നാണം മാറുന്ന കാര്യമാലോചിച്ചപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ഉറപ്പിച്ചു. പിന്നെ കുറിയടിക്കലായി വിളിക്കലായി അങ്ങനെ ബഹളം. നമ്മള്‍ മലയാളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ നാല് പേരില്ലാതെ എന്തോന്ന് ആഘോഷം?

ഒരുപക്ഷെ ലോകത്ത് നാണം മാറ്റാനായി ഇത്രയധികം തുക ചെലവാക്കാന്‍ തയ്യാറായ വ്യക്തി പോള്‍ സ്കോള്‍സ് മാത്രമാകും. അതുപോട്ടെ. ഏതായാലും നനഞ്ഞു, എന്നാല്‍ പിന്നെ കുളിച്ചുകയറാം എന്നുതന്നെയാണ് പോളിന്‍റെ പക്ഷവും. ചടങ്ങില്‍ ഭാര്യയുടെ ഇഷ്ടഗാ‍നങ്ങള്‍ പാടാന്‍ എക്സ് ഫാക്ടറിലൂടെ പ്രശസ്തയായ പാട്ടുകാരി ലൌറ വൌറ്റിനെ തന്നെ ക്ഷണിച്ചു. സഡില്‍ വര്‍ത്തിലെ ഒരു പോഷ് ഹോട്ടലായ വൈറ്റ് ഹാര്‍ട്ടും ബുക്ക് ചെയ്തിട്ടുണ്ട്.

ഇനി സഹപ്രവര്‍ത്തകര്‍ക്ക് ഒരു സംശയമേ ഉള്ളൂ. കാശ് പൊടിച്ചിട്ടും സ്കോള്‍സ് നാണം കുണുങ്ങിയായി തുടരുമോ? കാത്തിരുന്നു കാണുക തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :