ഒരു ഒളിമ്പിക് മദ്യപാനവും ശിക്ഷയും

ബെലാറസ്| WEBDUNIA|
“എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല“ എന്നു പറഞ്ഞുനടക്കുന്ന പലരെയും നമുക്കറിയാം. ഈ ഗണത്തില്‍പ്പെടുന്ന ഒരാളാണ് ബെലാറസിലെ ഒളിമ്പിക് ചാമ്പ്യന്‍ ആന്‍ഡ്രീ അര്‍മനോവ്. അര്‍മനോവിന്‍റെ മദ്യപാനമാണ് അധികൃതര്‍ക്ക് തലവേദനയായത്. ഇതുമൂലം ബെലാറസ് കായിക വകുപ്പ് അര്‍മനോവിന് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.

ഭാരോദ്വഹന വിഭാഗത്തിലാണ് ബീജിംഗില്‍ അര്‍മനോവ് സ്വര്‍ണ്ണമണിഞ്ഞത്. ഇനി പറയുന്നത് അര്‍മനോവിന്‍റെ മറ്റൊരു മുഖം. മദ്യപിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് നമ്മള്‍ പറയാറില്ലേ. അര്‍മനോവ് ഇതിന് നേരെ വിപരീതമാണ്. മദ്യപിച്ചാല്‍ വണ്ടിയില്‍ കിടക്കണം. അതും വീട്ടിലല്ല, പെരുവഴിയില്‍.

മൂന്ന് മാസത്തിനിടെ ഇങ്ങനെ രണ്ടാം തവണയാണ് അര്‍മനോവിനെ അധികൃതര്‍ പൊക്കിയത്. ആദ്യം കഴിഞ്ഞ ഡിസംബറിലായിരുന്നു. അന്ന് താക്കീതും ഉപദേശവും ഒക്കെ നല്‍കി വിട്ടയച്ചു. അര്‍മനോവുണ്ടോ നന്നാകുന്നു? കഴിഞ്ഞ മാസം തന്‍റെ പുതിയ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ താക്കോല്‍ വാങ്ങി മടങ്ങവേ അര്‍മനോവിനൊരു പൂ‍തി. പുതിയ താമസമൊക്കെ തുടങ്ങുകയല്ലേ... ഒന്നു മിനുങ്ങിക്കളയാം. അങ്ങനെ രണ്ടെണ്ണം വിട്ട് വീട്ടില്‍ പോകുമ്പോളാണ് വീണ്ടും പെട്ടത്. മദ്യപാനികളായ ഡ്രൈവര്‍മാരെ പിടികൂടാനിറങ്ങിയ അധികൃതര്‍, തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന മട്ടില്‍ വിടാതെ പിടിച്ചു.

പിന്നെ അച്ചടക്കസമിതിയായി.. വിശദീകരണമായി.. അങ്ങനെ ഒടുവില്‍ വിധിയുമായി. രണ്ട് കൊല്ലത്തേക്ക് വിലക്ക്. രണ്ട് കൊല്ലം വീട്ടിലിരുന്ന് ആവശ്യം പോലെ കുടിക്കാം.. ആരും ചോദിക്കില്ല. വിലക്കും ഇല്ല...

105 കിലോഗ്രാം വിഭാഗത്തിലാണ് അര്‍മനോവ് മത്സരിക്കുന്നത്. ബീജിംഗില്‍ നിരവധി ലോക റെക്കോഡുകള്‍ പഴങ്കഥയാക്കിയായിരുന്നു ഇരുപത്തിയൊന്നുകാരനായ അര്‍മനോവിന്‍റെ സ്വര്‍ണ്ണക്കൊയ്ത്ത്.

2007ല്‍ പത്തൊമ്പതാം വയസിലാണ് അര്‍മനോവ് ആദ്യമായി ഭാരോദ്വഹനത്തില്‍ ലോകകിരീടം നേടുന്നത്. സ്വഭാവദൂഷ്യം കാരണം പ്രസിഡന്‍റിന്‍റെ പ്രത്യേക സ്കോളര്‍ഷിപ്പായ 5,000 യു‌എസ് ഡോളറും അര്‍മനോവിന് നഷ്ടമായിരിക്കുകയാണ്.

അര്‍മനോവിനുള്ള ശിക്ഷ കുറച്ചതിനും കായികമന്ത്രാലയത്തിന് ഉത്തരമുണ്ട്. ചെറിയ പ്രായമല്ലേ? നന്നാവുന്നെങ്കില്‍ നന്നായിക്കോട്ടെ. എങ്ങാനും ഒരു ബോധോദയം ഉണ്ടായാലോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :