‘കിലുക്ക’ത്തിലെ ട്രെയിനില്‍ കൂനൂരിലേക്ക്

WEBDUNIA|
PRO
നീലഗിരി മലനിരകളിലെ രണ്ടാമത്തെ വലിയ ഹില്‍‌സ്റ്റേഷനാണ് കൂനൂര്‍. ഹില്‍ സ്‌റ്റേഷനുകളുടെ റാണി എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമയ ഊട്ടിയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്ന് 1850 മീറ്റര്‍ ഉയരത്തിലാണ് കൂനൂര്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

നീലഗിരിമലനിരകളുടെ ആകാശക്കാഴ്ചയാണ് കൂനൂരിലെ ഏറ്റവും പ്രധാന ആകര്‍ഷണം. മലയിടുക്കുകളും താഴ്വരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ നീലഗിരി മലനിരകള്‍ കൂനൂരെത്തുന്ന സന്ദര്‍ശകര്‍ക്ക് മനം മയക്കുന്ന കാഴ്ചയാണൊരുക്കുന്നത്. പക്ഷിനിരീക്ഷണമാണ് കൂനൂരിലെ മറ്റൊരു പ്രധാ‍ന ആകര്‍ഷണം. സിംസ് പാര്‍ക്കാണ് സന്ദര്‍ശകര്‍ക്ക് അവഗണിക്കാനാവാത്ത മറ്റൊരു കൂനൂര്‍ കാഴ്ച.

12 ഹെക്ടറില്‍ പരന്നു കിടക്കുന്ന സിംസ് പാര്‍ക്ക് ആയിരത്തിലധികം വ്യത്യസ്ത സസ്യജാലങ്ങളുടെ അപൂര്‍വ കലവറയാണ്. കുനൂരിലെ തണുപ്പില്‍ മൂടിപ്പുതച്ച് തേയിലത്തോട്ടങ്ങളിലൂടെയുള്ള യാത്രയാണ് മറ്റൊരു ആകര്‍ഷണം. ഇതിനെല്ലാം പുറമെ സാഹസിക സഞ്ചാരികള്‍ക്കായി ട്രക്കിംഗിനും കൂനൂരില്‍ അവസരമുണ്ട്.

മേട്ടുപാളയത്തുനിന്ന്‌ കൂനൂര്‍ വഴി ഊട്ടിയിലേക്കുള്ള ടോയ് ട്രെയിനാണ് (കിലുക്കം സിനിമയില്‍ കാണുന്ന അതേ ട്രെയിന്‍ തന്നെ) സഞ്ചാരികളെ കൂനൂരിലേക്ക് ചൂളം വിളിയോടെ എതിരേല്‍ക്കുന്നത്. കൂനൂരില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഡോള്‍ഫിന്‍ നോസ് വ്യൂ പോയന്‍റ് കൂനൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും സന്ദര്‍ശിക്കാന്‍ മറക്കാത്ത ഇടമാണ്.

ഇവിടെ നിന്നാല്‍ പ്രശസ്തമായ കാതറീന്‍ വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ നീലഗിരി മലനിരകളുടെ ആകാശക്കാഴ്ച കാണാം. ഊട്ടി പുഷ്പ്മേള പോലെ മെയ് മാസത്തില്‍ കൂനൂരില്‍ നടക്കുന്ന പഴം-പച്ചക്കറി പ്രദര്‍ശനം വീക്ഷിക്കാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്. ജുലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കൂനൂരില്‍ മഴക്കാലം.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടമാണ് കൂനൂര്‍ സന്ദര്‍ശിക്കാനുള്ള നല്ല സമയം. ടോഡ ഗോത്രമായിരുന്നു കൂനൂരിലെ വാസക്കാര്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഊട്ടിയെ പ്രധാന ഹില്‍‌സ്റ്റേഷന്‍ ആക്കിയതോടെയാണ് കൂനൂരും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി വികസിച്ചത്.

നവംബര്‍ - ഫെബ്രുവരി മാസത്തിലെ തണുപ്പു കാലവും ഏപ്രില്‍ ജൂണ്‍ മാസങ്ങളിലെ മിതോഷ്ണ കാലവും സഞ്ചാരികളെ ഒരു പോലെ ആകര്‍ഷിക്കുന്നവയാണ്. മേട്ടുപ്പാളയത്തു നിന്ന് ഊട്ടി വഴിയുള്ള ടോയ് ട്രെയിനാണ് കൂനൂരിലെത്താനുള്ള എളുപ്പ മാര്‍ഗം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :