ഹിമാലയ താഴ്വാരത്തെ ഗ്രാമങ്ങളുടെ ചരിത്രവും സാംസ്കാരവും മനസിലാക്കി നാടോടികഥകള്‍ കേട്ടും ഉത്സവങ്ങള്‍ കണ്ടും പര്‍വതങ്ങളിലൂടെ ഒരു സൈക്കിള്‍ യാത്ര; ഏതൊരു സാഹസികനായ സഞ്ചാരിയുടെയും മനം കവരുന്ന ഈ ആശയം ഇന്ത്യന്‍ വിനോദ സഞ്ചാര രംഗത്ത് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുക്കുന്നത്.
ജമ്മു കാശ്മീര്‍ മുതല്‍ ഹിമാച്ചല്‍ പ്രദേശും ഉത്തരാഖണ്ഡും തൊട്ട് സിക്കിമിലേക്കും അരുണാച്ചല്‍ പ്രദേശ് വരെയും നീണ്ട് കിടക്കുന്ന ഹിമാലയന്‍ മലനിരകളിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് സാഹിസതയ്ക്ക് ഒപ്പം ഇവ്ടത്തെ ജീവിത രീതികളെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാനും വഴിയൊരുക്കും.
പ്രകൃതി സൌന്ദര്യം തന്നെയാണ് ഇതിലേക്ക് കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്നതെങ്കിലും ഇതിലുപരിയായി ഇവിടത്തെ സംസ്കാരത്തെയും ചരിത്രത്തെയും രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും മനസിലാക്കാന്‍ ഈ യാത്ര ഉപകരിക്കും.
സാധാരണ ഗതിയില്‍ സംഘങ്ങളായാണ് ഈ സാഹസിക യാത്ര നടക്കുക. പര്‍വ്വതായാത്രയ്ക്കായി പ്രത്യേകം സജീകരിച്ച സൈക്കിളുകളാണ് യാത്രയ്ക്ക് ഉപയോഗിക്കേണ്ടത്. പ്രതികൂല കാലാവസഥയെയും അപകടങ്ങളെയും നേരിടാനുള്ള സുരക്ഷാസംവിധാനങ്ങളും സ്വീകരിച്ചിരിക്കണം. സൈക്കിളിന്‍റെ അറ്റകുറ്റ പണികള്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങളും കരുതിയിരിക്കണം.
യാത്രയ്ക്ക് ആവശ്യമായ മറ്റ് സാധനങ്ങള്‍ ബാക്ക് പായ്ക്കില്‍ കരുതുകയൊ ഒരു പ്രത്യേക വാനില്‍ യാത്രാ സംഘത്തോടൊപ്പം കൊണ്ട് പോകുകയോ ചെയ്യാം.
എന്നാല്‍ അതീവ സങ്കീര്‍ണമായ ഇത്തരം യാത്രകള്‍ പ്രവാര്‍ത്തികമാക്കാനുള്ള നടപടി ക്രമങ്ങളും ഏറെ സങ്കീര്‍ണ്ണമാണ്. ഇത്തരമൊരു യാത്രയ്ക്ക് ഒരുങ്ങുന്ന സംഘങ്ങള്‍ യാത്രയ്ക്ക് ആറു മാസം മുന്‍പ് ഇന്ത്യന്‍ പര്‍വ്വതാരോഹണ ഫൌണ്ടേഷനില്‍ ഇതിനുള്ള അപേക്ഷ നല്‍കിയിരിക്കണം. യാത്രയുടെ തിയതി, അംഗങ്ങളുടെ എണ്ണം, റൂട്ട് തുടങ്ങിയവ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ഹിമാലയന്‍ നിരകള്‍ പല രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ചില മേഖലകളിലൂടെ കടന്നു പോകുന്നതിന് അയല്‍ രാജ്യങ്ങളുടെ മുന്‍കൂര്‍ അനുമതിയും ആവശ്യമായി വരും.
ഔദ്യോഗിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ യാത്രാ സംഘവും ഒരു ലെയ്സണ്‍ ഓഫീസറെ നിയോഗിക്കണം. സംഘത്തോടൊപ്പം യാത്ര ചെയ്യുന്ന ലെയ്സണ്‍ ഓഫീസര്‍ അടിയന്തിര ഘടങ്ങളില്‍ സംഘത്തിന് വേണ്ട സഹായങ്ങളും നല്‍കും.