അനന്തഗിരിയില്‍ നിന്ന് താഴേക്കൊഴുകുന്ന മ്യൂസി നദി വല്ലാത്തൊരു അനുഭൂതിയാണ് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. സ്ഥലത്തെ കാപ്പി പ്ലാന്റേഷനും ഇവിടത്തെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. നാഗരികതയും വാണിജ്യ വല്ക്കരണവുമൊന്നും ഈ പ്രദേശത്തെ തൊട്ടുതീണ്ടിയിട്ടില്ല. നോക്കെത്താ ദൂരത്തോളം നിരനിരയായി നില്ക്കുന്ന കുന്നിന് നിരകളാണ് അനന്തഗിരിയുടെ വശ്യതയ്ക്ക് മാറ്റേകുന്നത്.
ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ പ്രദേശത്തെ മറ്റൊരു ആകര്‍ഷണമാണ്. ഉയരങ്ങളില്‍ നിന്ന് അഗാധതയിലേക്ക് പതിക്കുന്ന വെള്ളത്തിന്റെ ശബ്ദവും ഇരുട്ടുമൂടിയ നിരവധി ഗുഹകളും നിബിഢമായ വനാന്തരീക്ഷവും സഞ്ചാരികള്‍ക്ക് ഒരു തരം സൌന്ദര്യമാണ് കാഴ്ചവയ്ക്കുന്നത്.
അനന്തഗിരി കുന്നുകള്‍ക്കിടയിലൂടെയുള്ള ഭാവനാശി തടാകവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ബദ്രിനാഥ് എന്നും ഈ തടാകം അറിയപ്പെടുന്നുണ്ട്. തണുപ്പ് നിറഞ്ഞ കാലാവസ്ഥയായതിനാല്‍ വേനല്‍ക്കാലത്താണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. അനന്തപുരി കുന്നുകളിലുള്ള വന്‍ ചുണ്ണാമ്പ് നിക്ഷേപവും ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നു. ഇവിടെ നിന്ന് കുറച്ചകലെയായാണ് ബോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.
ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തിലുള്ള ബ്രോഡ്ഗേജ് ട്രാക്കുകളിലൊന്നാണ് പൂര്വഘട്ടത്തിലൂടെയുള്ളത്. ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു ട്രെയിന്‍ യാത്ര സഞ്ചാരികളുടെ മനസ്സില്‍ എന്നെന്നും തങ്ങി നില്ക്കും.