ഹോളിവുഡ് നടി പാരിസ് ഹില്‍ട്ടണ് ഇത് കണ്ണീര്‍ക്കാലം. ട്രാഫിക് നിയമം കാറ്റില്‍ പറത്തിയ ശേഷം കോടതി മുറിയില്‍ കണ്ണീരൊഴുക്കിയാല്‍ എന്താണ് പ്രയോജനം? നടിക്ക് കോടതി ജയില്‍ ശിക്ഷ നല്‍കി.
ഡ്രൈവിംഗ് ലൈസെന്‍സ് സസ്പെന്‍ഡു ചെയ്യപ്പെട്ടിരിക്കെ ട്രാഫിക് നിയമം ലംഘിച്ചതിന് 45 ദിവസത്തെ ജയില്‍ ശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് ഹില്‍ട്ടണ്‍. ലോസ് ഏഞ്ചല്‍സിലെ ഉന്നത കോടതിയിലെ ജഡ്ജി മൈക്കല്‍ സാവൂറാണ് ഹില്‍ട്ടന്‍റെ കണ്ണീരില്‍ വീഴാതെ വിധി പ്രഖ്യാപിച്ചത്.
ജനുവരി അവസാനം മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന്‍റെ പേരില്‍ 1,150 ഡോളര്‍ പിഴയും മൂന്നു വര്‍ഷ പ്രൊബേഷനിലും നില്‍ക്കുകയായിരുന്നു താരം. ഡ്രൈവിംഗ് ലൈസെന്‍സ് സസ്പെന്‍ഡു ചെയ്യപ്പെട്ടു നില്‍ക്കേ പിന്നെയും പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു റിയാലിറ്റി ടി വി ഷോ താരത്തിനു ജയില്‍ ശിക്ഷ ലഭിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന വാദം കേട്ട ശേഷമാണ് വിധിയുണ്ടായത്.
കോടതി മുറിയില്‍ ഹില്‍ട്ടണും അമ്മ കാത്തിയും നടത്തിയ കണ്ണീര്‍ നാടകങ്ങളൊന്നും ജഡ്ജിയുടെ മുന്നില്‍ വിലപ്പോയില്ല. ഫെബ്രുവരിയില്‍ ഹെഡ് ലൈറ്റില്ലാതെ യാത്ര ചെയുമ്പോള്‍ ലൈസെന്‍സ് റദ്ദു ചെയ്യപ്പെട്ടിരിക്കുകയായിരുന്നെന്ന് തനിക്കറിയില്ലായിരുന്നു എന്നതായിരുന്നു ഹില്‍ട്ടന്‍റെ ന്യായീകരണം.