ത്രസിപ്പിക്കാന്‍ ‘12 റൌണ്ട്സ്’

PROPRO
ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു പുതിയ വഴിത്തിരിവ് സമ്മാനിച്ച ചിത്രമായിരുന്നു ‘ഡൈ ഹാര്‍ഡ് 2’. ആ സിനിമയുടെ സംവിധായകന്‍ റെന്നി ഹാര്‍ലിന്‍ മറ്റൊരു ആക്ഷന്‍ വിസ്മയവുമായി വരികയാണ്. ‘12 റൌണ്ട്സ്’ എന്ന ആ സിനിമ ഈ മാസം 27ന് പ്രദര്‍ശനത്തിനെത്തും. ഓസ്ട്രേലിയയില്‍ ഈ ചിത്രം തിയേറ്ററുകളിലെത്തിക്കഴിഞ്ഞു.

ലോകപ്രശസ്ത റെസ്‌ലിംഗ് താരവും അഭിനേതാവുമായ ജോണ്‍ സെനയാണ് ഈ സിനിമയിലെ നായകന്‍. അതുകൊണ്ടുതന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ചടുലതയും ഗാംഭീര്യവും കൂടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ആഷ്‌ലി സ്കോട്ട്, എയ്ഡന്‍ ഗില്ലണ്‍, സ്റ്റീവ് ഹാരിസ്, ഗോണ്‍സാലോ മെനെന്‍ഡസ്, ടെയ്‌ലര്‍ കോള്‍ തുടങ്ങിയവരും 12 റൌണ്ട്സിലെ താരങ്ങളാണ്.

ഡാനി ഫിഷര്‍ എന്ന ഡിറ്റക്ടീവ് ഉദ്യോഗസ്ഥനെയാണ് ഈ സിനിമയില്‍ ജോണ്‍ സെന അവതരിപ്പിക്കുന്നത്. ഫിഷറിന്‍റെ കാമുകിയായ മോളി പോര്‍ട്ടറെ കുപ്രസിദ്ധ തീവ്രവാദിയായ മൈല്‍‌സ് ജാക്സണ്‍ തട്ടിക്കൊണ്ടു പോകുന്നു. കാമുകിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടകരമായ 12 വെല്ലുവിളികളെ ഫിഷറിന് നേരിടേണ്ടി വരുന്നു. അത്യന്തം സസ്പെന്‍സ് നിറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്.

അധികം സിനിമകളിലൊന്നും ജോണ്‍ സെന അഭിനയിച്ചിട്ടില്ല. എന്നാല്‍ 2006ല്‍ ഇറങ്ങിയ ദി മറൈന്‍ എന്ന സിനിമയിലെ പ്രകടനം തന്നെ ഈ താരത്തിന്‍റെ കഴിവ് വ്യക്തമാക്കുന്നു. 12 റൌണ്ട്സില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വൈകാരികത നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളിലും ജോണ്‍ സെന തിളങ്ങുന്നു.

ഒരു മണിക്കൂര്‍ 48 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ തിരക്കഥ രചിച്ചത് ഡാനിയല്‍ കുങ്കയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡാര്‍ക്ക് ഏഞ്ചല്‍, ലോസ്റ്റ്, ദി കിംഗ്‌ഡം തുടങ്ങിയ സിനിമകളിലെ മാസ്മരപ്രകടനം ആവര്‍ത്തിച്ചിരിക്കുകയാണ് നായികയായ ആഷ്‌ലി സ്കോട്ട് ഈ ചിത്രത്തില്‍. എയ്ഡന്‍ ഗില്ലനാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ മൈല്‍‌സ് ജാക്സണെ അവതരിപ്പിക്കുന്നത്. ദി സെക്കന്‍ഡ് ഡെത്ത്, ബേണിംഗ് ദി ബെഡ്, ബ്ലാക്ക് ഔട്ട്, ഫോട്ടോ ഫിനിഷ്, ഷാങ്‌ഹായ് നൈറ്റ്സ്, ദി ഫൈനല്‍ കര്‍ട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗില്ലനിലെ അഭിനയപ്രതിഭയെ ലോകം അംഗീകരിച്ചിട്ടുള്ളതാണ്.

ഡൈ ഹാര്‍ഡ് 2 കൂടാതെ ബോണ്‍ അമേരിക്കന്‍, പ്രിസണ്‍, കട്ട് ത്രോട്ട് ഐലന്‍ഡ്, ഡീപ് ബ്ലൂ സീ, ദി ലോംഗ് കിസ്സ് ഗുഡ്നൈറ്റ്, ഡ്രിവണ്‍, മൈന്‍ഡ് ഹണ്ടേഴ്സ്, ക്ലീനര്‍, എക്സോര്‍സിസ്റ്റ്: ദി ബിഗിനിങ് തുടങ്ങിയ സിനിമകളാണ് റെന്നിഹാര്‍ലിന്‍റേതായുള്ളത്. റെന്നി ഹാര്‍ലിന്‍റെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമെന്ന് നിരൂപകര്‍ വിലയിരുത്തുന്ന 12 റൌണ്ട്സ് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ഹോളിവുഡ് പ്രതീക്ഷിക്കുന്നത്. ഈ സിനിമയുടെ നിര്‍മ്മാണത്തിലും റെന്നി ഹാര്‍ലിന്‍ പങ്കാളിയാണ്.

WEBDUNIA| Last Modified വ്യാഴം, 19 മാര്‍ച്ച് 2009 (19:18 IST)
ട്വന്‍റീത്ത് സെഞ്ച്വറി ഫോക്സ് വിതരണത്തിനെത്തിക്കുന്ന 12 റൌണ്ട്സിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ട്രെവര്‍ റാബിനാണ്. ഡേവിഡ് ബോയ്‌ഡാണ് ഛായാഗ്രഹണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :