ഇരുമ്പഴികള്‍ കഥ പറയുന്നു - ദി ഷോഷാങ്ക് റിഡംപ്ഷന്‍

മാര്‍ട്ടിന്‍ സ്റ്റീഫന്‍| Last Updated: വെള്ളി, 6 മാര്‍ച്ച് 2015 (14:04 IST)
ദി ഷോഷാങ്ക് റിഡംപ്ഷന്‍ എന്ന ചിത്രമാണ് മാജിക് റീല്‍സിലൂടെ ഇത്തവണ അവതരിപ്പിക്കുന്നത്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം. ഫ്രാങ്ക് ഡറബോണ്ട് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. സ്റ്റീഫന്‍ കിംഗിന്റെ റീത്ത ഹേവര്‍ത്ത് ആന്‍ഡ് ദി ഷോഷാങ്ക് റിഡംപ്ഷന്‍ എന്ന നോവെല്ലയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം. റിലീസായപ്പോള്‍ നിരൂപക പ്രശംസനേടിയെങ്കിലും ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു സിനിമ. എന്നാല്‍ ടെലിവിഷനിലും, ഡിവിഡി ബ്ലൂറേ വില്പനയിലും ചിത്രം ചരിത്രം സൃഷ്ടിച്ചു.

ജയില്‍ ജീവിതത്തോട് സ്ഥാപനവത്കരിക്കപ്പെടുന്ന ജയില്‍പുള്ളിക്കള്‍ പിന്നീട് ജയിലിന് പുറത്ത് വരുമ്പോള്‍ പുറം ലോകവുമായി പൊരുത്തപ്പെടാനാകാതെ വരുന്ന സാഹചര്യം സിനിമയില്‍ ഒരു പ്രമേയമായി കടന്നുവരുന്നുണ്ടെങ്കിലും ദി ഷോഷാങ്ക് റിഡംപ്ഷന്‍ ജയില്‍ ജീവിതത്തെ വരച്ചു കാണിക്കുന്ന ഒരു ചിത്രമല്ല. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ ആന്‍ഡി ഡുഫ്രേനെ അവതരിപ്പിച്ചിരിക്കുന്നത് ടിം റോബിന്‍സും റെഡിനെ അവതരിപ്പിച്ചിരിക്കുന്നത് മോര്‍ഗന്‍ ഫ്രീമാനുമാണ്. ചിത്രത്തില്‍ ആന്‍ഡിയെ അവതരിപ്പിക്കാനായി ടോം ഹാങ്ക്സിനെ സംവിധായകന്‍ സമീപിച്ചിരുന്നു. എന്നാല്‍ ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിനായി ടോം ഹാങ്ക്സ് ഓഫര്‍ നിരസിക്കുകയായിരുന്നു. ആ വര്‍ഷം മികച്ച അഭിനേതാവിനുള്ളതുള്‍പ്പടെ ആറ് അക്കാഡമി അവാര്‍ഡുകളാണ് ഫോറസ്റ്റ് ഗമ്പ് നേടിയത്.

മോര്‍ഗന്‍ ഫ്രീമന്‍ അവതരിപ്പിച്ച റെഡിന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തന്റെ ഭാര്യയേയും ഭാര്യയുടെ കാമുകനേയും കൊന്നു എന്ന കുറ്റം ചുമത്തപ്പെട്ട് ആന്‍ഡി ഡുഫ്രീന്‍ ഷോഷാങ്ക് ജയിലിലെത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ജയിലില്‍ പല മോശം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആന്‍ഡി റെഡുമായി സൌഹൃദത്തിലാകുന്നു. ഇതിനിടയില്‍ ആന്‍ഡിയിലെ സമര്‍ഥനായ ബാങ്കറെ തന്റെ അഴിമതിക്കായി സമര്‍ഥമായി ജയില്‍ വാര്‍ഡനായ സാമുവല്‍ നോര്‍ട്ടണ്‍ ഉപയോഗിക്കുന്നു. പിന്നീട് എല്ലാവരെയും കബളിപ്പിച്ച് ജയിലില്‍ നിന്ന് രക്ഷപെടുന്നതുമാണ് ചിത്രം.
ദ ഷോഷാങ്ക് റിഡെംപ്ഷന്‍, ഫ്രാങ്ക് ഡറബോണ്ട്

ചിത്രത്തില്‍ മോര്‍ഗന്‍ ഫ്രീമന്‍ അവതരിപ്പിച്ച കഥാപാത്രം സ്റ്റീഫന്‍ കിംഗിന്റെ കഥയില്‍ ഒരു ഒരു വെള്ളക്കാരനായ ഐറിഷുകാരനായിരുന്നു. ഈ കഥാപാത്രത്തിനായി ക്ലിന്റ് ഈസ്റ്റ്വുഡ്, ഹാരിസണ്‍ ഫോര്‍ഡ് എന്നിവരെയായിരുന്നു സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫ്രീമാന്റെ അഭിനയ ശൈലി ഇഷ്ടപ്പെട്ട ഡറബോണ്ട് ഫ്രീമാനെ കഥാപാത്രമായി തിരഞ്ഞെടുക്കുകയായിരുന്നു.

ചിത്രം എമ്പയര്‍ മാഗസിന്റെ ഇന്നോളം പുറത്തിറങ്ങിയ 500 മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലാമതായി ഇടം പിടിച്ചു. ഐ എം ഡി ബി 250ല്‍ ഗോഡ്ഫാദറിന് മുകളില്‍ ഒന്നാമതായാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നതെന്നത് ചിത്രത്തിന്റെ പ്രാധാന്യം നമുക്ക് മനസിലാക്കിത്തരും. ഫ്രാങ്ക് ഡറബോണ്ട് പ്രശസ്ത അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. ഗ്രീന്‍ മൈല്‍, ദി മിസ്റ്റ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :