അമേസിങ് സ്പൈഡര്‍മാന്‍, അമേസിങ് റിലീസ്!

മുംബൈ| WEBDUNIA|
PRO
അമേസിങ് സ്പൈഡര്‍മാന്‍ വരികയാണ്. ജൂണ്‍ 29 വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യയില്‍ 1000 പ്രിന്‍റുകളാണ് റിലീസ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇത്രയും ആഘോഷമായി ഒരു ഹോളിവുഡ് ചിത്രം രാജ്യത്ത് പ്രദര്‍ശനത്തിനെത്തിയിട്ടില്ല. 3ഡി, 2ഡി, ഐമാക്സ് ഫോര്‍മാറ്റുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

“ദി അമേസിങ് സ്പൈഡര്‍മാന്‍ മുമ്പ് ഉണ്ടായിട്ടില്ലാത്തത്ര വലിയ റിലീസാണ് നടത്തുന്നത്. സീരീസ് സിനിമകളില്‍ ഇന്ത്യയില്‍ ഏറ്റവും വിജയകരമായ ചിത്രമാണ് സ്പൈഡര്‍മാന്‍. പ്രാദേശിക ഭാഷകളില്‍ ഡബ്ബ് ചെയ്ത് എത്തുമ്പോഴും വലിയ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതും 3ഡിയുടെ മുന്നേറ്റവും കഥയുടെ പ്രാദേശിക ബന്ധവും എല്ലാം ഇത്തവണത്തെ വലിയ റിലീസിലേക്ക് നയിക്കുകയായിരുന്നു” - സോണി പിക്ചേഴ്സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കേഴ്സി ദാരുവാല വ്യക്തമാക്കി.

“വലിയ റിലീസുകളുടെ ഏറ്റവും വലിയ വെല്ലുവിളി തിയേറ്ററുകളില്‍ നിന്നുള്ള പകര്‍പ്പെടുക്കലുകളും നിയമവിധേയമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നതുമാണ്. ഇതിനെതിരെ ഞങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സിനിമാസ്വാദകര്‍ക്ക് അവരുടെ ഏറ്റവും അടുത്ത തിയേറ്ററുകളില്‍ സ്പൈഡര്‍മാനെ കാണാനുള്ള സൌകര്യവും ഒരുക്കുകയാണ്” - എം പി ഡി എയുടെ മാനേജിംഗ് ഡയറക്ടര്‍ ഉദയ് സിംഗ് അറിയിച്ചു.

അമേസിങ് സ്പൈഡര്‍മാനെക്കുറിച്ച്

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളില്‍ ഒന്ന് വീണ്ടും ബിഗ്സ്ക്രീ‍നിലേക്ക് മടങ്ങിവരികയാണ് - ‘ദി അമേസിങ് സ്പൈഡര്‍മാന്‍’ എന്ന ചിത്രത്തിലൂടെ. പീറ്റര്‍ പാര്‍ക്കറിന്‍റെ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കഥയും ആഖ്യാനവുമാണ് ഈ സിനിമയ്ക്കുള്ളത്. ആന്‍ഡ്രു ഗാര്‍ഫീല്‍ഡ്, എമ്മ സ്റ്റോണ്‍, റൈസ് ഇഫാന്‍സ്, ഡെനിസ് ലിയറി, കാം‌പ്‌ബെല്‍ സ്കോട്ട്, ഇര്‍ഫാന്‍ ഖാന്‍, മാര്‍ട്ടിന്‍ ഷീന്‍, സാലി ഫീല്‍ഡ് തുടങ്ങിയവരാണ് ഈ സിനിമയിലെ താരങ്ങള്‍. ജയിംസ് വാന്‍ഡര്‍ബില്‍റ്റിന്‍റെ തിരക്കഥയില്‍ മാര്‍ക്ക് വെബ്ബാണ് ‘ദി അമേസിങ് സ്പൈഡര്‍മാന്‍’ സംവിധാനം ചെയ്തിരിക്കുന്നത്. ലൌറ സിസ്കിന്‍, അവി അരാഡ്, മാറ്റ് ടോള്‍മാക് എന്നിവര്‍ മാര്‍വല്‍ എന്‍റര്‍ടെയ്‌മെന്‍റിന്‍റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചത്.

മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പീറ്റര്‍ പാര്‍ക്കര്‍(ഗാര്‍ഫീല്‍ഡ്) എന്ന കുട്ടിയുടെ ജീവിതമാണ് ദി അമേസിങ് സ്പൈഡര്‍മാന്‍. തന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അന്വേഷിക്കുന്ന പീറ്റര്‍ പാര്‍ക്കര്‍ കണ്ടെത്തുന്നത് നിഗൂഡമായ ചില രഹസ്യങ്ങളാണ്. തന്‍റെ പിതാവിന്‍റെ ഒരു ബ്രീഫ്കേസ് കണ്ടെടുക്കുന്നതോടെ അവന്‍റെ ജീവിതം മറ്റൊരു ദിശയിലേക്ക് നീങ്ങുകയാണ്. ഗേള്‍ഫ്രണ്ട് ഗ്വെന്‍ സ്റ്റേസിയും (സ്റ്റോണ്‍) രഹസ്യങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് അവന് കൂട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :