രാമായണ പാരായണം - രണ്ടാം ദിവസം

പുത്രലാഭാലോചന

Ramayanam Reading - Day 2
രേണുക വേണു| Last Modified ബുധന്‍, 17 ജൂലൈ 2024 (10:53 IST)
Ramayanam Reading - Day 2
രാമായണ പാരായണം - രണ്ടാം ദിവസം പാരായണം ചെയ്യേണ്ട ഭാഗങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

പുത്രലാഭാലോചന

അമിതഗുണവാനാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍
അമരകുലവരതുല്യനാം സത്യപരാ-
ക്രമനംഗജസമന്‍ കരുണാരത്‌നാകരന്‍ 520
കൗസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്‌ക്കേറ്റം
കൗശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്
കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്ലാം
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം.
പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദിസ-
മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.' 530
വരിഷ്ഠതപോധനന്‍ വസിഷ്ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തുഃ
'നിനക്കു നാലു പുത്രന്മാരുണ്ടായ്വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോള്‍
ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം.'

അശ്വമേധവും പുത്രകമേഷ്ടിയും

തന്നുടെ ഗുരുവായ വസിഷ്ഠനിയോഗത്താല്‍
മന്നവന്‍ വൈഭണ്ഡകന്‍തന്നെയും വരുത്തിനാന്‍.
ശാലയും പണിചെയ്തു സരയൂതീരത്തിങ്കല്‍
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായക സമനാകിയ ദശരഥന്‍
വിശ്വനായകനവതാരംചെയ്വതിനായി
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികര്‍മ്മം
ഋശ്യശൃംഗനാല്‍ ചെയ്യപ്പെട്ടൊരാഹൂതിയാലേ
വിശ്വദേവതാഗണം തൃപ്തമായതുനേരം
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
ഹോമകുണ്ഡത്തില്‍നിന്നു പൊങ്ങിനാന്‍ വഹ്നിദേവന്‍.
'താവകം പുത്രീയമിപ്പായസം കൈക്കൊള്‍ക നീ
ദേവനിര്‍മ്മിത'മെന്നു പറഞ്ഞു പാവകനും 550
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂര്‍വം
ദക്ഷനാം ദശരഥന്‍ തല്‍ക്ഷണം പ്രീതിയോടെ
കൗസല്യാദേവിക്കര്‍ദ്ധം കൊടുത്തു നൃപവരന്‍
ശൈഥില്യാത്മനാപാതി നല്‍കിനാന്‍ കൈകേയിക്കും.
അന്നേരം സുമിത്രയ്ക്കു കൗസല്യാദേവിതാനും
തന്നുടെ പാതി കൊടുത്തീടിനാള്‍ മടിയാതെ.
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 560
തല്‍പ്രജകള്‍ക്കു പരമാനന്ദംവരുമാറു
ഗര്‍ഭവും ധരിച്ചിതു മൂവരുമതുകാലം
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥന്‍
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാന്‍
ഗര്‍ഭരക്ഷാര്‍ത്ഥം ജപഹോമാദി കര്‍മ്മങ്ങളു-
മുല്‍പലാക്ഷികള്‍ക്കനുവാസരം ക്രമത്താലെ
ഗര്‍ഭചിഹ്നങ്ങളെല്ലാം വര്‍ദ്ധിച്ചുവരുംതോറു-
മുള്‍പ്രേമം കൂടെക്കൂടെ വര്‍ദ്ധിച്ചു നൃപേന്ദ്രനും
തല്‍പ്രണയിനിമാര്‍ക്കുളളാഭരണങ്ങള്‍പോലെ
വിപ്രാദിപ്രജകള്‍ക്കും ഭൂമിക്കും ദേവകള്‍ക്കും 570
അല്‍പമായ് ചമഞ്ഞിതു സന്താപം ദിനംതോറു-
മല്‍പഭാഷിണിമാര്‍ക്കും വര്‍ദ്ധിച്ചു തേജസ്സേറ്റം.
സീമന്തപുംസവനാദിക്രിയകളുംചെയ്തു
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരന്‍...!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :