രാമായണപാരായണം - മുപ്പത്തൊന്നാം ദിവസം

WEBDUNIA|

പുണ്യനദീജലം പുഷ്കരമാദിയാ&
മന്യതീര്‍ത്ഥങ്ങളിലുള്ള സലിലവും
ഒക്കെ വരുത്തി മറ്റുള്ള പദാര്‍ത്ഥങ്ങള്‍
മര്‍ക്കടവൃന്ദം വരുത്തിനാര്‍ തല്‍‌ക്ഷണേ.
ശത്രുഘ്നനുമമാത്യൌഘവുമായ് മറ്റു
ശുദ്ധപദാര്‍ത്ഥങ്ങള്‍ സംഭരിച്ചീടിനാര്‍
രത്നസിംഹാസനേ രാമനെയും ചേര്‍ത്തു
പത്നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവന്‍ മുനി ജാബാലി ഗൌതമന്‍
വാല്‌മീകിയെന്നിവരോടും വസിഷ്ഠനാം
ദേശികന്‍ ബ്രാഹ്മണശ്രേഷ്ഠരോടും‌കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു
പൊന്നിന്‍‌കലശങ്ങളായിരത്തെട്ടുമ&
ങ്ങന്യൂനശോഭം ജപിച്ചാര്‍ മറകളും.
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്നദണ്ഡം‌പൂണ്ട ചാമരം വീയിനാര്‍.
ശത്രുഘ്നവീരന്‍ കുടപിടിച്ചീടിനാന്‍
ക്ഷത്രിയവീരരുമുപചരിച്ചീടിനാര്‍.
ലോകപാലന്മാരുപദേവതമാരു&
മാകാശമാര്‍ഗ്ഗേ പുകഴ്ന്നുനിന്നീടിനാര്‍.
മാരുതന്‍‌കയ്യില്‍ കൊടുത്തയച്ചാന്‍ ദിവ്യ&
ഹാരം മഹേന്ദ്രന്‍ മനുകുലനാഥനും
സര്‍വ്വരത്നോജ്ജ്വലമായ ഹാരം പുന&
രുര്‍വ്വീശ്വരനുമലങ്കരിച്ചീടിനാന്‍.
പൂര്‍ണ്ണഭക്ത്യാ പുഷ്പവൃഷ്ടിയും ചെയ്തു കാ&
രുണ്യനിധിയെബ്ഭജിച്ചതെല്ലാവരും.
സ്നിഗ്ദ്ധദുര്‍വാദളശ്യാമളം കോമളം
പത്മപത്രേക്ഷണം സൂര്യകോടിപ്രഭം
ഹാരകിരീടവിരാജിതം രാഘവം
മാരസമാനലാവണ്യം മനോഹരം
പീതാംബരപരിശോഭിതം ഭൂധരം
സീതയാ വാമങ്കസംസ്ഥയാ രാജിതം
രാജരാജേന്ദ്രം രഘുകുലനായകം
രാജീവബാന്ധവവംശസമുദ്ഭവം
രാവണനാശനം രാമം ദയാപരം
സേവകാഭീഷ്ടദം സേവ്യമനാമയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :