ത്യാഗത്തിന്റെ സന്ദേശമാണ് യാഗം തരുന്നത്. ലൗകികവും ആത്മീയവുമായി നമുക്ക് ലഭിച്ചവയെല്ലാം ത്യാഗം ചെയ്യാനാണ് സോമയാഗം പഠിപ്പിക്കുന്നത്. പങ്കെടുക്കുന്നവരെ പവിത്രീകരിക്കുന്ന, അന്തരീക്ഷം വിമലീകരിക്കുന്ന, മഹാത്യാഗമെന്ന മഹദ് ലക്ഷ്യത്തോടെയുള്ള സോമയാഗം നടക്കുന്നതെങ്ങിനെയെന്ന് ഇവിടെ വായിക്കുക.
യാഗം ചെയ്യുന്ന പ്രധാന വ്യക്തിയാണ് യജമാനന്. അധ്വരു, ഹോതന്, ഉദ്ഗാതാവ്, ബ്രഹ്മന്‍ എന്നിങ്ങനെ നാലു പ്രധാന ഋത്വിക്കുകളും അവരെ സഹായിക്കാന്‍ മുമ്മൂന്ന് ഋത്വിക്കുകള്‍ വേറെയും. ഇനി ഒരു സദസ്യനും. എല്ലാവരും കൂടി ഋത്വിക്കുകള്‍ - ഇവരാണ് സോമയാഗം നടത്തുക.
സോമലത ഇടിച്ചു പിഴിഞ്ഞ് ഹോമിക്കലാണ് സോമയാഗത്തില്‍ സുപ്രധാനം. യാഗശാലയില്‍ സോമരസമല്ലാതെ വേറെയും ഹോമദ്രവ്യങ്ങളുണ്ടാവും. ഹവിസ്സ്, നെയ്യ്, ധാന്യങ്ങള്‍, പാല് തുടങ്ങിയവയാണവ. അപ്പപ്പോള്‍ കറന്നെടുത്ത പാലെടുത്താണ് ഹോമിക്കേണ്ടത്. സോമലതയും മറ്റും ഒരു കുതിര വലിച്ചാണ് യാഗശാലയിലെത്തിക്കേണ്ടത്.
കൃഷ്ണാജിനം തൊലിലിരുന്നാണ് യജമാനന് ക്രിയകളെല്ലാം അനുഷ് ഠിക്കുക. യജമാന പത്നിയും കൂടെയുണ്ടാവും. അരണി കടഞ്ഞ് തീയുണ്ടാക്കിയാണ് യജ്ഞമാരംഭിക്കുക. ആദ്യദിവസങ്ങളില്‍ പകല്‍ സമയത്ത് മാത്രമേ ഹോമാദികളുണ്ടാവൂ. നാലാം നാള് തൊട്ട് പകലും രാത്രിയും ഒരുപോലെ ക്രിയകളുണ്ടാവും.
സോമയാഗത്തിലെ പ്രധാന ചടങ്ങ് സോമാപ്യായനമാണ്. സോമലതയോടൊപ്പം സ്വര്‍ണ്ണം കൂടി ചേര്‍ത്തു വെച്ച് 13 ഋത്വിക്കുകള്‍ വിവിധ വേദമന്ത്രങ്ങള്‍ 3 ദിവസം തുടര്‍ച്ചയായി ഒരുക്കഴിക്കുന്നു. ആപ്യായനം ചെയ്ത് പവിത്രമാകുന്ന ഈ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കുന്ന ലോക്കറ്റ് ധരിക്കുന്നത് വിശിഷ്ടമാണെന്ന് വിശ്വസിക്കുന്നു.
യാഗാവസാന ദിവസം യാഗശാല കത്തിക്കുന്നതോടെയാണ് സോമയാഗം പരിസമാപ്തിയിലെത്തുക. അഗ്നയേ ഇദം ന മമ - എല്ലാം അഗ്നിക്കുള്ളതാണ്, എനിക്കുള്ളതല്ല എന്ന സന്ദേശമാണ് യാഗശാല കത്തിക്കുന്നതിലൂടെ വിളംബരം ചെയ്യുന്നത്. അങ്ങിനെ ത്യജ, ത്യജ (എല്ലാം ത്യജിക്കുക) എന്ന സന്ദേശത്തോടെ, എല്ലാം അഗ്നിക്ക് സമര്‍പ്പിച്ച് സോമയാഗം അവസാനിക്കുകയായി.