ഓണപ്പൂവേ പൂവേ... ഓമല്‍ പൂവേ പൂവേ...

WEBDUNIA|
PRO
തൊടിയില്‍ നിന്നും, വയലില്‍ നിന്നും, കുന്നിന്‍ പുറത്തുനിന്നും പൂ പറിച്ച്‌ മുറ്റത്ത്‌ അത്തക്കളമുണ്ടാക്കിയിരുന്ന ഓണക്കാലം ഓര്‍മ്മയാവുകയാണ്‌. വട്ടിയുണ്ടാക്കി അതില്‍ പൂ പറിച്ചിട്ട്‌ വീശി നിറയ്ക്കുന്ന കുട്ടികളെ ഗ്രാമങ്ങളില്‍ പോലും കാണാനില്ല.

എന്നാല്‍ പൂക്കളങ്ങള്‍ പതിവിലുമേറെ കാണാനുണ്ടിപ്പോള്‍. അവ പക്ഷേ, റോഡിലാണെന്നു മാത്രം.
അവിടേയുമുണ്ട്‌ സവിശേഷത. പൂക്കളങ്ങളില്‍ പൂക്കളില്ല. പകരം നിറം ചേര്‍ത്ത തേങ്ങാപ്പീരയും ഉപ്പുപരലുകളും മാത്രം. ഇനി ആരെങ്കിലും പൂക്കള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്‌ വരവു പൂക്കളും.

മാവേലിയെ വരവേല്‍ക്കുന്ന ദൗത്യം നാട്ടിലെ ക്ലബ്ബുകളും സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ എല്ലാവരും മറന്നു പോകുന്ന ചില പ്രധാന കാര്യങ്ങളുണ്ട്‌. ഓണത്തിന്റെ ആചാരവും സങ്കല്‍പ്പവുമെല്ലാം മാറ്റിവെച്ചാല്‍, അവിടെ കാണുക മാനവികതയുടെ സന്ദേശമാണ്‌. എല്ലാ മനുഷ്യരും ഒന്നാണ്‌, എല്ലവര്‍ക്കും തുല്യ നീതിയാണ്‌, അവര്‍ തമ്മില്‍ ഒരു ഭേദ ഭാവനകളില്ല എന്നിങ്ങനെയുള്ള സ്‌നേഹത്തിന്റേയും ഐക്യത്തിന്റെയും സോഷ്യലിസത്തിന്റേയും സന്ദേശം.

അതുപോലെ ഓണപ്പൂക്കളത്തിന് പിന്നിലുമുണ്ട്‌ ഒരു സങ്കല്‍പം. നാട്ടിലെ ജൈവ വൈവിധ്യവും വംശനാശം വന്നേക്കാനിടയുള്ള ചെടികളും പൂക്കളും സംരക്ഷിക്കുക എന്നതാണത്‌.

പൂക്കളങ്ങള്‍ ആദി ദ്രാവിഡ സംസൃതിയുടെ ബാക്കിപത്രങ്ങളാണ്‌. സസ്യവിജ്ഞാനം ജനകീയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌, ദശപുശ്‌പ സംരക്ഷണത്തിലെന്നപോലെ ഓണപ്പൂക്കളത്തിന്‍റെ കാര്യത്തിലും കാണുന്നത്‌.

തുമ്പ, മുക്കുറ്റി, ചെമ്പരത്തി, അരിപ്പൂ, കാക്കപ്പൂ, കോളാമ്പിപ്പൂ, കൃഷ്ണകിരീടം, കൊങ്ങിണിപ്പൂ, കാശിത്തുമ്പ, ശംഖുപുഷ്‌പം, ആമപ്പൂ, മഷിപ്പൂ, മുല്ലപ്പൂ, നന്ത്യാര്‍വട്ടം, തൊട്ടാല്‍വാടി, മന്ദാരം, പവിഴമല്ലി, രാജമല്ലിപ്പൂ, തെച്ചിപ്പൂ, പിച്ചകം തുടങ്ങിയവ ഔഷധഗുണമുള്ളവയാണ്‌.

ഔഷധ വിജ്ഞാനീയവുമായും പൂക്കളങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം. നാട്ടുവൈദ്യ സംസ്കൃതിയും, ജൈവ വൈവിധ്യവും സംരക്ഷിക്കുകയും അടിച്ചേല്‍പ്പിക്കാതെ അവയെക്കുറിച്ച്‌ കുട്ടികള്‍ക്കും സാമാന്യ ജനങ്ങള്‍ക്കും അറിവു നല്‍കുകയുമാണ്‌ ആചാരവത്കരണത്തിലൂടെ സാധ്യമാവുന്നത്‌.

വീട്ടുമറ്റത്ത്‌ പൂന്തോട്ടങ്ങളില്ലാതിരുന്ന പഴയകാലത്ത്‌ തൊടികളിലും വേലിക്കലും വളരുന്ന ചെടികള്‍, കാടുചെടികളല്ലെന്നു തിരിച്ചറിയാനും, ഓണത്തിനെങ്കിലും അവയ്ക്ക്‌ ഉപയോഗമുണ്ടെന്നു വരുത്തി അവയെ സംരക്ഷിക്കാനുമായി പൂര്‍വികര്‍ മെനഞ്ഞെടുത്ത തന്ത്രമാണ്‌ പൂക്കള നിര്‍മ്മിതി എന്നു കരുതാം. തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തുന്ന ഭഗവത് സങ്കല്‍പ്പത്തിലും ഇതേ സ്‌പന്ദനമാണുള്ളത്‌.

“പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്‍‌മാവ് പൂക്കുന്നശോകം’ എന്നു കുമാര കവി പാടിയപ്പോഴും, ‘തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴുകയ്യായ്‌ നില്‍ക്കുന്ന’ എന്നു സിനിമാപാട്ടുണ്ടാകുമ്പോഴും കേരളത്തിന്റെ പ്രകൃതിയെ സ്‌മരിക്കുകയാണല്ലോ ചെയ്യുന്നത്‌.

പൂവേ പൊലി... പൂവേ പൊലി... പൂവേ പൊലി....


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :