ആവേശം നിറച്ച് ഓണക്കളികള്‍, വിനോദങ്ങള്‍

ടി കെ ഡി മുഴുപ്പിലങ്ങാട്

WEBDUNIA|
PTI
ഓണം കലാ - കായിക - സാംസ്കാരിക കൂട്ടായ്മകള്‍ക്കുള്ള ഇടമൊരുക്കുന്നു. പ്രാദേശികതയുടെ അടയാളപ്പെടുത്തലുകള്‍ സജീവമായി നിലനിര്‍ത്തിപ്പോരുന്നു ഓണം. അതിന് സഹായകമാകുന്നത് ഓരോ പ്രദേശത്തും ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന വിവിധ കലാ - കായിക - സാംസ്കാരിക പരിപാടികളാണ്.

ഓണത്തിന് മലയാളികള്‍ പൊതുവായി പല വിനോ‍ദങ്ങളിലും ഏര്‍പ്പെടാറുണ്ടെങ്കിലും സ്ഥലവ്യത്യാസങ്ങള്‍ അനുസരിച്ച് അതിന് പാഠഭേദം വരുന്നു. സ്ത്രീപുരുഷ സാമുദായിക വേഷപ്പകര്‍ച്ചകളും കണ്ടുവരുന്നു. പക്ഷേ എല്ലാ ഓണക്കളികള്‍ക്കും ഒരു ഏകമാന സ്വഭാവമുണ്ടുതാനും. സമത്വത്തിന് ഊന്നല്‍ കൊടുക്കുന്ന വിനോദങ്ങളാണ് അധികവും. ആര്‍ക്കും പങ്കെടുക്കാവുന്നതും പ്രാദേശികഭാഷയുടെ ഉള്‍ക്കരുത്ത് വിളിച്ചോതുന്ന നാടന്‍പാട്ടുകളോ നാടന്‍(തദ്ദേശിയമായ എന്നര്‍ഥം) ചുവടുകളോ ചേര്‍ന്നതാണ് പല ഓണവിനോദങ്ങളും. എല്ലാ ഓണക്കളിക്കും പഠനം വേണ്ട എന്നര്‍ഥത്തിലല്ല ഇത് പറയുന്നത്.

അത്തച്ചമയത്തോടെയാണ് ഇപ്പോള്‍ മലയാളികളുടെ ഓണാഘോഷം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍-കൊച്ചി രാജവംശങ്ങള്‍ നടത്തിയിരുന്ന അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. തൃക്കാക്കരയില്‍ ബഹുജനപങ്കാളിത്തത്തോടെയാണ് അത്തച്ചമയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കലാരൂപങ്ങളും മലയാളത്തിന്റെ സാംസ്ക്കാരികതനിമകള്‍ വെളിപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങളും അണിചേരുന്ന അത്തച്ചമയ ഘോഷയാത്ര ഏറെ പേരുകേട്ടതാണ്.

കലയെന്ന നിലയില്‍ അല്ലെങ്കില്‍ ആചാരമെന്ന നിലയില്‍ ഓണാ‍ഘോഷങ്ങളില്‍ ആദ്യം പൂക്കളം ഒരുക്കുന്നതാണ്. ചിങ്ങം ഒന്ന് മുതല്‍ മാസാവസാനം വരെ മലയാളികള്‍ വീട്ടുമുറ്റത്ത് പൂക്കളമിടുന്നു. പക്ഷേ അത്തം മുതല്‍ തിരുവോണം വരെ പൂക്കളിടുന്ന സമ്പ്രദായത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഒന്നാം ദിവസം ഒരു വട്ടം എന്ന് തുടങ്ങി പത്താംദിവസം പത്ത് വട്ടം(വൃത്തം) എന്ന രീതിയിലാണ് നാം പൂക്കളമൊരുക്കുക. ചിത്രകലയിലെ പ്രതിഭ മാത്രമല്ല പൂക്കളമൊരുക്കലില്‍ പ്രാധാന്യം. ഇത് മനുഷ്യനെ പ്രകൃതിയോട് ഏറ്റവും ചേര്‍ത്തുനിര്‍ത്തുന്ന ഒരു കലയായി വേണം കാണാന്‍. ‘തുമ്പപ്പൂവേ പൂത്തളിരേ/ നാളേക്കൊരു വട്ടി പൂ തരണേ/ കാക്കപ്പൂവേ പൂത്തളിരേ/ നാളേക്കൊരു വട്ടി പൂതരണേ’ എന്നതാണ് പൂക്കളമൊരുക്കലുമായി ബന്ധപ്പെട്ട ഓണപ്പാട്ട്. നമുക്ക് ആവശ്യമുള്ളത് മാത്രമാണ് നാം പ്രകൃതിയില്‍ നിന്നെടുക്കുന്നത്. അതിന് പ്രകൃതിയോട് അനുവാദം ചോദിക്കുകയും ചെയ്യുന്നു.

ആചാരമെന്നോണം കണക്കാക്കുന്ന ഒരു കലാരൂപമാണ് ഓണപ്പൊട്ടന്‍ അല്ലെങ്കില്‍ ഓണത്താര്‍. പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മഹാബലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരുന്നു എന്നാണ് ഐതിഹ്യം. മുന്നൂറ്റാന്‍ സമുദായത്തിലെ ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. ഓണത്തിന് ഓരോ വീട്ടിലുമെത്തുന്ന ഓണപ്പൊട്ടന്‍ മണി കിലുക്കിയാണ് തന്റെ വരവ് അറിയിക്കുക. ചെറിയ ചുവടുകള്‍ വച്ചാണ് ഓണപ്പൊട്ടന്‍ ആടുക. വീടുകളില്‍ നിന്ന് അരിയും ഓണക്കോടിയും ഭക്ഷണവും ഓണപ്പൊട്ടന്‍ സ്വീകരിക്കുന്നു. ഓണേശ്വര്‍ എന്ന പേരിലും ഈ തെയ്യരൂപം അറിയപ്പെടുന്നു.

ഓണം കളികളില്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവയില്‍ ഒന്നാണ് പുലിക്കളി. നാലാമോണത്തിലാണ് പുലിക്കളി നടക്കാറുള്ളത്. തൃശൂരിന്റെ പുലിക്കളിയാണ് ഏറ്റവും പ്രശസ്തമെങ്കിലും കൊല്ലത്തും തിരുവനന്തപുരത്തും പുലിക്കളി അരങ്ങേറാറുണ്ട്. പുലിയുടെ വേഷവും ചായവും പുരട്ടി നിശ്ചിത താളമില്ലാതെ നൃത്തം ചവിട്ടുകയും കോമാളിക്കളികള്‍ കളിക്കുകയും ചെയ്യുന്നതാണ് ഈ വിനോദം. കരടിക്കെട്ട് എന്ന ആണ്‍ കലാരൂപവും ഓണത്തിനോടനുബന്ധിച്ച് നടക്കാറുള്ളതാണ്. ചെറുപ്പക്കാര്‍ കരടിയുടെ രൂപം കെട്ടി നടക്കുന്ന വിനോദമാണ് ഇത്.

കുമ്മാട്ടിക്കളിയും ഓണാഘോഷത്തിന്റെ ഭാഗമായി വരുന്നതാണ്. കുമ്മാട്ടിപ്പുല്ല് ദേഹത്തുവെച്ചു കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, അമ്മൂമ്മ, കൃഷ്ണന്‍ തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുവീടാന്തരം സന്ദര്‍ശിക്കുന്നു. രാമായണം പാട്ട്, ദാരികവധം പാട്ട് തുടങ്ങിയവയാണ് ഇവര്‍ പാടുക. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.

ഓണക്കളികളില്‍ ഏറ്റവും ആവേശമുണര്‍ത്തുക വള്ളംകളികളാണ്. മത്സരം എന്നതിലുപരിയായി ജലോത്സവം എന്ന അടിസ്ഥാനത്തിലാണ് ഇത് കണക്കേണ്ടത്. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളംകളി. പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്.

ഓണത്തല്ലാണ് മറ്റൊരു ഇനം. കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായികവിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്. ആട്ടക്കളവും ഓണവിനോദങ്ങളില്‍ പ്രാധാന്യമുള്ളവ തന്നെ. ഇപ്പോഴത്തെ കബഡിയോട് സാമ്യമുള്ള കളിയാണ് ഇത്. കളത്തിനുള്ളിലുള്ളവരെ പുറത്താക്കിയാല്‍ കളി ജയിച്ചുവെന്നതാണ് ഇതിന്റെ നിയമം. കരടിക്കെട്ട് ആണ്‍ കലാരൂപമാണ്. കരടിയുടെ രൂപം കെട്ടി നടക്കുക.

സ്ത്രീകള്‍ക്ക് മാത്രമായിട്ടും ഓണവിനോദങ്ങളുണ്ട്. കൈകൊട്ടിക്കളിയാണ് അവയില്‍ പ്രധാനം. മുണ്ടും നേര്യേതും അണിഞ്ഞ സ്ത്രീകള്‍ വട്ടത്തില്‍ക്കൂടി പാട്ടുപാടി ചുവടുവെച്ച് കളിക്കുന്നതാണ് കൈകൊട്ടിക്കളി. പൂക്കളംതീര്‍ത്ത് നടുവില്‍ നിലവിളക്ക് കൊളുത്തിവെച്ചും ചുറ്റും മണ്‍ചെരാത് എരിയിച്ചുമാണ് കൈക്കൊട്ടിക്കളി നടത്തുക.
PTI


പെണ്‍കുട്ടികളുടെ പ്രധാന ഓണവിനോദങ്ങളിലൊന്ന് തുമ്പി തുള്ളലാണ്. നോമ്പെടുത്ത ഒരു പെണ്‍കുട്ടി വട്ടത്തിനുള്ളിലിരിക്കും. ഇവള്‍ക്കുചുറ്റും വട്ടംകൂടിയിരിക്കുന്ന മറ്റ് കുട്ടികള്‍ 'എന്തേ തുമ്പീ തുള്ളാത്തു', 'തുമ്പിപ്പെണ്ണേ തുള്ളാത്തൂ' എന്നിങ്ങനെ പാടും. കളി മുറുകുമ്പോള്‍ തുമ്പിപ്പെണ്ണ് ഉറഞ്ഞുതുള്ളി പൂക്കള്‍ വാരി എറിയുന്നതാണ് ഇതിന്റെ രീതി. സ്ത്രീകള്‍ക്കുള്ള ഓണ ഊഞ്ഞാല്‍ കളി വ്യാപകമാണ്. ഓണപ്പാട്ട് അഥവാ ഊഞ്ഞാല്‍പ്പാട്ടുകള്‍ പാടി ഊഞ്ഞാലാടുകയെന്നതുതന്നെ ഇത്.

ഓണത്തിനോടനുബന്ധിച്ച് വീടുകളിലെത്തുന്ന ഓണപ്പാവക്കൂത്തും രസകരമായ ഒരു വിനോദമാണ്. പ്ലാവിന്‍കൊമ്പില്‍ തീര്‍ത്ത പാവകള്‍ ആടയാഭരണങ്ങളണിഞ്ഞ് മഹാബലിപ്പാവയായും വാമനന്‍പാവയായും ചലിക്കുന്നതാണ് ഈ വിനോദം. ഇപ്പോള്‍ ഇതത്ര സജീവമല്ല.

ചവിട്ടുകളിയെന്ന വിനോദം പാട്ടിനൊപ്പിച്ച് ചുവടുവെച്ചുകളിക്കുന്നതാണ്. രണ്ട് സംഘമായാണ് ഈ വിനോദത്തില്‍ ഏര്‍പ്പെടുക. പാട്ടിനൊത്ത മറുപാട്ട് ചുവടുവച്ചുപാടാന്‍ കഴിഞ്ഞില്ലെങ്കില്‍ കളിയില്‍ പരാജയപ്പെടുമെന്നതാണ് ഇതിന്റെ നിയമം.

‘ഓണവില്ല്’ എന്ന സംഗീത ഉപകരണം ഓണവിനോദത്തിന്റെ ഭാഗമാണ്. ഓണവില്ല് കൊട്ടിപ്പാടി വരുന്ന ഗായകനൊപ്പം മാവേലിയുടെ വേഷമണിഞ്ഞ് ഓലക്കുടയും പാളമുഖംമൂടിയുംചൂടി നടത്തുന്ന മാതേവര്‍കളിയെന്ന വിനോദം ഓണത്തിനോടനുബന്ധിച്ച് ഒരു കാലത്ത് ഉണ്ടായിരുന്നു.

ക്രിക്കറ്റിന്റെ പ്രാഥമിക രൂപമായി കണക്കാക്കാവുന്ന കുട്ടീംകോലുമാണ് മറ്റൊരു കളി. പച്ചയോല മടഞ്ഞുണ്ടാക്കുന്ന പന്ത് ഉപയോഗിച്ച് കളിക്കുന്ന തലപ്പന്ത് കളിയും നാട്ടിന്‍പുറങ്ങളിലെ ഓണക്കളിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :