1. മറ്റുള്ളവ
  2. »
  3. ആരോഗ്യം
  4. »
  5. ലേഖനങ്ങള്‍

പാവം നാടന്‍ പഴങ്ങള്‍

പാവം നാടന്‍ പഴങ്ങള്‍ പാഷന്‍ഫ്രൂട്ട് വെണ്ണപ്പഴം ഞാവല്‍ വെസ്റ്റിന്ത്യന്‍ ചെറി
കേരളത്തിലെ മണ്ണിന്‍റെ ഫലപുഷ്ടി വാണിജ്യസാധ്യത നല്‍കുന്നതാണ്. വാണിജ്യപരമായി ഉന്നതി നേടിത്തരാന്‍ സാധിക്കുന്ന പല ഫലവൃക്ഷങ്ങള്‍ക്കും പറ്റിയ വളക്കൂറുള്ള മണ്ണാണ് കേരളത്തിന്‍റേത്. എന്നാല്‍ ഈ ഫലവൃക്ഷങ്ങളെ പലപ്പോഴും വേണ്ടരീതിയില്‍ ശ്രദ്ധിക്കാനാവാതെ പോകുന്നു. അവയില്‍ ചിലതാണ് പാഷന്‍ ഫ്രൂട്ട്, വെണ്ണപ്പഴം, ഞാവല്‍, വെസ്റ്റിന്‍റ്യന്‍ ചെറി എന്നിവ.

ഔഷധ ഗുണങ്ങളും വിറ്റാമിനുകളും പ്രദാനം ചെയ്യുന്ന ഈ ഫലവൃക്ഷങ്ങള്‍ വന്‍തോതില്‍ വാണിജ്യ സാധ്യത നല്‍കുന്നു. മുറ്റത്തെ മുലയ്ക്ക് മണമില്ല എന്ന മട്ടില്‍ നമ്മുടെ തൊടിയിലെ നല്ല ഫലവൃക്ഷങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്.

പാഷന്‍ഫ്രൂട്ട്

പാഷന്‍ ഫ്രൂട്ട് രണ്ടു തരത്തിലുണ്ട്. മഞ്ഞ നിറമുള്ള കായകള്‍ ഇടുന്നതും പള്‍പ്പിള്‍ നിറമുള്ള കായകള്‍ ഇടുന്നതും. ഇതൊരു വള്ളിച്ചെടിയാണ്. ഇത് വള്ളികള്‍ നട്ടു വളര്‍ത്താവുന്ന ഒന്നാണ്. ഈ ചെടിയുടെ പൂവും കായും ഒരു പോലെ ഗുണകരമാണ്. ഉറക്കക്കുറവ്, ആകാംക്ഷാരോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ഇതില്‍ നിന്നും ഉണ്ടാക്കുന്നു. മനസംഘര്‍ഷം കുറച്ച് ഉറങ്ങാനുള്ള പ്രവണത ഉണ്ടാക്കുമെന്നും ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. വായ്പുണ്ണിനുള്ള ചികിത്സയ്ക്കായും ഇവ ഉപയോഗിക്കുന്നു.

വെണ്ണപ്പഴം

ലോകത്തെ ഏറ്റവും പോഷസമ്പുഷ്ടമായ ഫലമാണ് വെണ്ണപ്പഴം. ഹൈറേഞ്ച് പ്രദേശങ്ങളിലാണ് ഇവ സാധാരണയായി കണ്ടു വരുന്നത്. കൊഴുപ്പ്, മാംസ്യം, വിറ്റാന്‍ എ, ഇ എന്നിവയുടെ ശേഖരമാണിത്. ഇതിന്‍റെ വിത്തില്‍ നിന്നെടുക്കുന്ന എണ്ണയ്ക്ക് വാണിജ്യസാധ്യതയുണ്ട്. വിത്തിന്‍റെ പൊടി വയറിളക്കരോഗങ്ങള്‍ക്ക് ഉത്തമമാണ്. താരന്‍ മാറ്റാനായും ഇത് ഉപയോഗിക്കുന്നു.

ഞാവല്‍

പ്രമേഹ ഔഷധങ്ങള്‍ക്ക് ഞാവല്‍ ഉപയോഗിച്ചു വരുന്നു. ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലാണ് ഞാവല്‍ ധാരാളമായി കായ്ക്കുക. ഞാവല്‍ക്കുരു ഉണക്കിപ്പൊടിച്ച് പ്രമേഹ ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നു. പൈല്‍സ്, വയറുകടി, പ്ളീഹവീക്കം, വിളര്‍ച്ച, മൂത്രതടസ്സം എന്നിവയ്ക്കായി ഞാവല്‍പ്പഴ മജ്ജ ഉപയോഗിച്ച് സിറപ്പുകള്‍ ഉണ്ടാക്കാറുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുവായും ഈ പൊടി ഉപയോഗിക്കുന്നു. ജാം, ജെല്ലി, സ്ക്വാഷ്, വൈന്‍ എന്നിവയുണ്ടാക്കാനും ഇതുപയോഗിക്കുന്നു.

വെസ്റ്റിന്ത്യന്‍ ചെറി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഫലമാണിത്. കുടലിലെ അര്‍ബുദം, ഹൃദ്രോഹം, വാതത്തോട് അനുബന്ധിച്ചുണ്ടാകുന്ന വേദന എന്നിവയ്ക്ക് പരിഹാരമാര്‍ഗ്ഗമാണിത്. ഈ ചെറിയിലെ ആന്തോസയാനിന്‍, മെലാട്ടോണിന്‍ എന്നിവയ്ക്ക് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉറക്കമുണ്ടാക്കാനും കഴിയും. 100 ഗ്രാം പഴുത്ത ചെറിയില്‍ 100 മില്ലി ഗ്രാം മുതല്‍ 200 മില്ലീഗ്രാം വരെയും പഴുക്കാത്തതില്‍ 4500 മില്ലീ ഗ്രാം വരെയും വിറ്റാമിന്‍ സി ഉണ്ടാകും.

വാണിജ്യ പരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഈ ഫലവൃക്ഷങ്ങളെ സംരക്ഷിച്ചു പരിപോഷിപ്പിച്ചാല്‍ കേരളത്തിന്‍റെ വാണിജ്യ മേഖല ഉയരുമെന്നതില്‍ സംശയമില്ല.