ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏക പക്ഷീയമായ ഒരു ഗോളിന് ബോള്ട്ടന് വാന്‍ഡറേഴ്സിനെ പരാജയപ്പെടുത്തി. ഇതോടെ ലീഗില്‍ മാഞ്ചസ്റ്റര്‍ ഒന്നാമതെത്തി.
വാശിയേറിയ മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും കളിയുടെ തൊണ്ണൂറാം മിനുറ്റില്‍ ബള്‍ഗേറിയന്‍ താരം ദിമിത്തര്‍ ബെര്‍ബറ്റോവ് നേടിയ ഗോളാണ് ചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്.
മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് സ്റ്റോക് സിറ്റിയെ പരാജയപ്പെടുത്തി. അറുപതാം മിനുറ്റില്‍ ചെല്‍സിയെ ഞെട്ടിച്ചുകൊണ്ട് സ്റ്റോക്ക് ആദ്യ ഗോള്‍ നേടി. ചെല്‍സി പ്രതിരോധനിരയുടെ പിഴവുകള്‍ മുതലെടുത്ത റോയ് ഡിലാപ്പാണ് സ്റ്റോക്കിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ എണ്‍പത്തിയെട്ടാം മിനുട്ടില്‍ ബലേറ്റി ചെല്‍സിയുടെ സമനില ഗോള്‍ കണ്ടെത്തി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ കനത്തൊരു ഷോട്ടിലൂടെ ഫ്രാങ്ക് ലാംപാര്‍ഡ് ചെല്‍സിയെ മുന്നിലെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആസ്റ്റന്‍വില്ല ലീഗില്‍ നാലാമതെത്തി. അമ്പത്തിയഞ്ചാം മിനുറ്റില്‍ മില്‍നറും എഴുപത്തി ഒമ്പതാം മിനുറ്റില്‍ ബാരിയുമാണ് വില്ലയുടെ ഗോളുകള്‍ നേടിയത്.