ഫിഫ റാങ്കിംഗ്:ഇന്ത്യ 148 ലേക്ക് ‌താണു

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified വ്യാഴം, 13 മാര്‍ച്ച് 2008 (13:40 IST)

അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടന ഫിഫയുടെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോയി. പുതിയ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്ന് സ്ഥാനം താഴേക്ക് പോയി 148 ആയി താണു.

വിദേശ കോച്ചായ ബോബ് ഹൌട്ടണിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീം അടുത്തെങ്ങും ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്‍റിലും കളിച്ചിട്ടില്ല. ലെബനനെതിരെ 2010 ലോക കപ്പ് നാലാം റൌണ്ട് യോഗ്യതാ മത്സരങ്ങളില്‍ കളിച്ച ഇന്ത്യയുടെ പ്രകടനം തീര്‍ത്തും മങ്ങിയതായിരുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 27 ആണ്. ഇക്കൊല്ലം ഇന്ത്യന്‍ ടീം ജൂണില്‍ മാലദ്വീപിലും ശ്രീലങ്കയിലുമായി നടക്കുന്ന സൌത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കും. ഇത് കൂടാതെ ഇന്ത്യയില്‍ തന്നെ ജൂലൈ - ഓഗസ്റ്റില്‍ നടക്കുന്ന എ.എഫ്.സി ചലഞ്ച് കപ്പ് മത്സരങ്ങളിലും ഇന്ത്യന്‍ ടീം പങ്കെടുക്കും.

ഫിഫയുടെ റാങ്കിംഗിലെ ആദ്യ പത്ത് രാജ്യങ്ങള്‍ക്ക് ഇത്തവണ മാറ്റമുണ്ടായിട്ടില്ല. അര്‍ജന്‍റീനയും ബ്രസീലും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുമ്പോള്‍ ലോക ചാമ്പ്യനായ ഇറ്റലിയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്.

ഏഷ്യയില്‍ നിന്നുള്ള ജപ്പാന്‍റെ സ്ഥാനം 36 ആണ്. എന്നാല്‍ ഓസ്ട്രേലിയയുടെ സ്ഥാനം 38 ആണെങ്കില്‍ ഇറാന്‍റെ റാങ്കിംഗ് 41 ആണ്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ റാങ്കിംഗില്‍ ഈ രാജ്യങ്ങളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം വഹിക്കുന്നതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :