ചിലി പിന്നില്‍നിന്നും പൊരുതിക്കയറി

പ്യൂര്‍ട്ടോ ഓര്‍ഡാസ്| WEBDUNIA|
അവാസാനം വരെ പിടിച്ചു നിന്ന ഇക്വഡൊറിന് കളി അവസാ‍നിക്കാന്‍ മൂന്നു മിനിറ്റുകള്‍ ഉള്ളപ്പോള്‍ ഈ ആധിപത്യം നഷ്ടമായി. ചിലിയന്‍ കര്‍ലോസ് വില്ലനുവേവയുടെ ഫ്രീകിക്കായിരുന്നു കോപ്പാ അമേരിക്ക ഫുട്ബോളില്‍ ഇക്വഡോറിന്‍റെ വിധിയെഴുതിയത്. എണ്‍പതാം മിനിറ്റുവരെ 2-2 എന്ന സ്‌കോറിലായിരുന്നു മത്സരം നീങ്ങിയത്.

ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ പിന്നില്‍നിന്ന ശേഷമായിരുന്നു ചിലി മുന്നിലേക്ക് വന്നത്. സമനിലയില്‍ അവസാനിച്ചേക്കുമായിരുന്ന മത്സരം അവസാന മിനിറ്റില്‍ വില്ലനുവേവ ചിലിയുടെ പക്ഷത്താക്കി. എണപത്തിയേഴാം മിനിറ്റില്‍ വില്ലാനുവേവയുടെ ഫ്രീകിക്ക് വലതു മൂലയിലേക്ക് താഴ്‌ന്നിറങ്ങുമ്പോള്‍ ഇക്വഡോര്‍ ഗോള്‍ കീപ്പര്‍ ക്രിസ്റ്റ്യന്‍ മോറയ്‌ക്ക് പ്രത്യേകമായി ഒന്നും ചെയ്യുവാനില്ലായിരുന്നു.

പതിനാറാം മിനിറ്റില്‍ അന്‍റൊണിയോ വലന്‍സിയയുടെ ഗോളിലൂടെ ആദ്യം മുന്നില്‍ എത്തിയത് ഇക്വഡോറായിരുന്നു.ഗോളി ക്രിസ്റ്റ്യന്‍ മോറയുടെ ഫ്രീ കിക്കില്‍നിന്നും രണ്ടു പാസിന്‍റെ അവശ്യമേ ഇക്വഡോറിനു വേണ്ടി വന്നുള്ളൂ. ഇരുപത്തി ഒന്നാം മിനിറ്റില്‍ സൂസോയുടെ ശക്തമായ ഷോട്ടില്‍ ചിലി തിരിച്ചടിച്ചു. ഒരു മിനിറ്റു പിന്നിടുന്നതിനു മുമ്പ് സെഗുണ്ടോ കാസ്റ്റില്ല നടത്തിയ മികച്ച ഒരു ഹെഡ്ഡറിലൂടെ ഇക്വഡൊര്‍ വീണ്ടും മുന്നില്‍ എത്തി.

അതിനു ശേഷം എണ്‍പതാം മിനിറ്റില്‍ സൂസോ ഒരിക്കല്‍ കൂടി ഒപ്പമെത്തിച്ചത് ചിലിക്കു തുണയായി. കളി സമനിലയിലേക്കു നീങ്ങും എന്ന ഘട്ടത്തിലാണ് ചിലിയുടെ മൂന്നാം ഗോള്‍ വന്നത്. കറുത്ത കുതിരകളാകും എന്നു കരുതിയിരുന്ന ഇക്വഡോര്‍ അടുത്ത മത്സരത്തില്‍ ബ്രസീലിനെ അട്ടിമറിച്ച മെക്സിക്കോയെ നേരിടുമ്പോള്‍ ചിലിക്ക് എതിരാളികള്‍ സാക്ഷാല്‍ ബ്രസീലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :