ബ്യൂണേഴ്‌സ് അയേഴ്‌സ്|
jibin|
Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (12:52 IST)
ലയണല്‍ മെസിയടക്കമുള്ള സൂപ്പര്‍താരങ്ങളെ ഒഴിവാക്കി അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമില്‍ നിന്നാണ് മിന്നും താരങ്ങളെ പുറത്താക്കിയത്.
ലയണല്‍ മെസി, അഗ്യൂറോ, ഹിഗ്വയ്ൻ, എവർ ബനേഗ, ഒട്ടമെൻറി, ഡി മരിയ, റോഹോ എന്നിവരാണ് ഒഴിവാക്കപ്പെട്ട വമ്പന്‍ താരങ്ങള്‍. കൂടുതല്‍ മത്സരങ്ങള്‍ ഇവര്‍ക്ക് കളിക്കേണ്ടതായി വരുന്നതിനാല്‍ വിശ്രമം അനുവദിച്ചതാണെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ നിലപാട്.
അമേരിക്കയിൽ വച്ചു നടക്കുന്ന ഗ്വാട്ടിമാലക്കും കൊളംബിയക്കുമെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീമില്‍ നിന്നാണ് താരങ്ങളെ പുറത്താക്കിയത്. താൽക്കാലിക പരിശീലകൻ സ്കൊളാനിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഒരു വര്‍ഷത്തേക്ക് ദേശീയ ടീമില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കാട്ടി മെസി ഫുട്‌ബോള്‍ അസോസിയേഷന് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയത്.
അര്‍ജന്റീന ടീമിനെ ശക്തപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് മെസി ടീമില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് അകന്നു നില്‍ക്കുന്നത്.
പുതിയ പരിശീലകര്‍ക്കു കീഴില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും അവരെ ദേശീയ തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ ഒരു വര്‍ഷത്തേക്ക് മാറി നില്‍ക്കുന്നുവെന്നും കാട്ടിയാണ് മെസി അസോസിയേഷന് കത്ത് നല്‍കിയത്.