അര്‍ജന്റീനയും ബ്രസീലും ഫൈനലിനുള്ള ടീമില്ല, അര്‍ജന്റീന കപ്പ് എടുക്കണമെന്നാണ് ആഗ്രഹം: ഐ.എം.വിജയന്‍
കോപ്പ അമേരിക്ക ഫൈനല്‍ കളിക്കാന്‍ മാത്രമുള്ള പ്രകടനമൊന്നും ഇതുവരെ അര്‍ജന്റീനയും ബ്രസീലും നടത്തിയിട്ടില്ലെന്ന് ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍. സെമി ഫൈനലില്‍ അത്ര മികച്ച പ്രകടനമൊന്നും ഇരു ടീമുകളും നടത്തിയിട്ടില്ല. ഭാഗ്യം കൊണ്ടാണ് ഫൈനലിലെത്തിയത്. സെമി ഫൈനല്‍ കളിച്ച മറ്റു രണ്ട് ടീമുകളാണ് (പെറു, കൊളംബിയ) ഫൈനല്‍ അര്‍ഹിക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ഐ.എം.വിജയന്‍ പറഞ്ഞു. എന്നാല്‍, ബ്രസീല്‍ ആരാധകര്‍ അടക്കം ആഗ്രഹിക്കുന്നത് മെസി കപ്പ് എടുക്കണമെന്നാണെന്നും തന്റെ ആഗ്രഹവും അത് തന്നെയാണെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു.