യോകോഹമ|
jo|
Last Updated:
തിങ്കള്‍, 21 ഡിസംബര്‍ 2015 (08:33 IST)
ക്ലബ് ലോകകപ്പ് ഫുട്‌ബോൾ കിരീടം എഫ് സി ബാഴ്സലോണയ്ക്ക്. എതിരാളികളായ റിവർ പ്ലേറ്റിനെ മൂന്നു ഗോളുകൾക്ക് തോല്പിച്ചാണ് ബാഴ്സലോണ കിരീടം സ്വന്തമാക്കിയത്. ബാഴ്സലോണയ്ക്ക് വേണ്ടി ലൂയി സുവാരസ് രണ്ട് ഗോളുകളും ലിയോണൽ മെസി ഒരു ഗോളും നേടി. 36, 49, 68 മിനിറ്റുകളിൽ ആയിരുന്നു ബാഴ്സലോണ ഗോൾ നേടിയത്. മുപ്പത്തിയാറാം മിനിറ്റിൽ മെസി ആയിരുന്നു ബാഴ്സയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.
യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണ തോല്പിച്ചത് അർജൻറീന ചാമ്പ്യൻ റിവർപ്ലേറ്റിനെയാണ് എന്നതായിരുന്നു കളിയിലെ കൌതുകം. ബാഴ്സലോണ താരമായ മെസിയുടെ ആദ്യകാലങ്ങളിലെ ഇഷ്‌ട സംഘമായിരുന്നു റിവർ പ്ലേറ്റ്. ബാഴ്സയുടെ മറ്റൊരു സൂപ്പർ താരമായ ഹാവിയർ മഷറാനോയുടെ ക്ലബ് കരിയർ തുടങ്ങിയ ടീം ആയിരുന്നു റിവർ പ്ലേറ്റ്. എന്നാൽ, ഇതൊന്നും കളിയെ ബാധിച്ചില്ല. ബാഴ്സയുടെ പോരാളികൾ തകർത്താടിയപ്പോൾ റിവർ പ്ലേറ്റ് നിശ്‌ശബ്‌ദമായി.
യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണ സെമിയിൽ ഏഷ്യൻ ചാമ്പ്യന്മാരായ ചൈനയുടെ ഗ്വാങ്ചോ എവർഗ്രാൻഡെയെയാണ് വീഴ്ത്തിയത്. സുവാരസിന്റെ ഹാട്രിക് ഗോളിൽ 3 –0 ത്തിനായിരുന്നു വിജയം. ആതിഥേയ ക്ലബ് സാൻഫ്രെസെ ഹിരോഷിമയെ ഒരു ഗോളിൽ തോൽപിച്ചായിരുന്നു റിവർപ്ലേറ്റ് ഫൈനലിൽ എത്തിയത്.
ക്ലബ് ലോകകപ്പിലെ മൂന്നാംകിരീടം ആണ് ബാഴ്സലോണ സ്വന്തമാക്കിയത്. 2009, 2011 വർഷങ്ങളിലായിരുന്നു ബാഴ്സലോണ നേരത്തെ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായത്.