റൊമാരിയോ വിരമിച്ചു

PROPRO
ബ്രസീലിയന്‍ ഫുട്ബോളിലെ സൂപ്പര്‍താരം റൊമാരിയോ വിരമിച്ചു. രണ്ട് ദശകം നീണ്ട ഫുട്ബോള്‍ ജീവിതം അവസാനിപ്പിക്കുക ആണെന്ന് വെള്ളിയാഴ്ചയാണ് ഇതിഹാസ താരം പ്രഖ്യാപിച്ചത്. വിലക്ക് മൂലം കളത്തില്‍ നിന്നും വിട്ടു നില്‍ക്കുക ആയിരുന്ന ബ്രസീല്‍ താരത്തിനു തിരിച്ചുവരാനാകുകയില്ല എന്ന് ഉറപ്പായതോടെയാണ് വിരമിച്ചത്.

ഈ 42 കാരനായ സ്ട്രൈക്കര്‍ അമേരിക്കയില്‍ നടന്ന 1994 ലോകകപ്പ് ബ്രസീലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ്. ആ വര്‍ഷം തന്നെ ഫിഫയുടെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡും താരത്തെ തേടിയെത്തി. “നവംബറിനു ശേഷം ഞാന്‍ കളിച്ചിട്ടില്ല. ഇനിയെന്തെങ്കിലും കൂടുതലായി ചെയ്യാനില്ല.” റൊമാരിയോ പറഞ്ഞു.

ഡച്ച് ക്ലബ്ബ് പി എസ് വി എന്തോവനിലൂടെ ശ്രദ്ധ നേടിയ റോ സ്പാനിഷ്‌‌ലീഗിലെ വമ്പന്‍‌മാരായ ബാഴ്‌സിലോണയുടേയും താരമായിരുന്നു. കഴിഞ്ഞ വര്‍ഷം കരിയറിലെ ആയിരാമത്തെ ഗോളിലേക്ക് റൊമാരിയോ പ്രവേശിക്കുകയുണ്ടായി. റൊമാരിയോയ്‌ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഒരേയൊരാള്‍ ഇതിഹാസ താരം പെലെ ആണ്.

വാസ്ക്കോഡ ഗാമയുടെ പരിശീലകനും കളിക്കാരനുമായിരുന്ന റൊമാരിയോ 23 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുക ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ ഉത്തേജക മരുന്നടിക്ക് പിടിയിലായ റോ യെ നാല് മാസത്തേക്ക് കളത്തില്‍ നിന്നും വിലക്കിയിരുന്നു. താന്‍ മുടി കൊഴിച്ചിലിന് ആണ് മരുന്ന് കഴിച്ചതെന്നായിരുന്നു റൊ യുടെ വാദം. എന്നാല്‍ പ്രൊപ്പേഷിയ എന്ന മരുന്ന് നിരോധിത മരുന്നായ ഫിനാസ്റ്റെറൈഡ് കലര്‍ന്നതാണ്.

നാല് മാസമായി കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന താരത്തിനു ശാരീരികമായി തിരിച്ചു വരാനാകില്ല എന്ന തോന്നലാണ് വിരമിക്കാന്‍ ഇടയാക്കിയത്. ഫെബ്രുവരിയില്‍ വിലക്ക് പൂര്‍ത്തിയായ റൊമാരിയോ വാസ്ക്കോയിലേക്കോ പഴയ ക്ലബ്ബ് ഫ്ലെമെംഗോയിലേക്കോ മടങ്ങിവരുമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

റിയോ ഡി ജനീറോ:| WEBDUNIA|
ഇനി തനിക്ക് ബ്രസീലില്‍ നടക്കുന്ന 2014 ലോകകപ്പില്‍ മാത്രമാണ് താല്പര്യമെന്നും ബ്രസീലിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ റൊമാരിയൊ വ്യക്തമാക്കി. ഇനി വിടവാങ്ങല്‍ മത്സരം മാത്രമേ കളിക്കൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്ന റൊമാരിയോ കരീബിയന്‍ ദ്വീപിലേക്ക് കുടുംബത്തോടൊപ്പം പോകാനിരിക്കുക ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :