കൊച്ചി: |
WEBDUNIA|
Last Modified വെള്ളി, 23 നവംബര്‍ 2007 (10:28 IST)
ദേശീയ ലീഗില്‍ കേരളത്തിന്റെ ഏക പ്രതീക്ഷയായ വിവാ കേരള പ്രതീക്ഷയോടെ യാത്രയാകുന്നു. എഫ് സി കൊച്ചിനു ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ലീഗായ ഐ ലീഗിലേക്ക് ചുവടു വയ്ക്കുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ക്ലബ്ബായ വിവ വിദേശ്ശത്തെയും സ്വദേശത്തെയും താരങ്ങളിലാണ് പ്രതീക്ഷ വയ്ക്കുന്നത്.
സംസ്ഥാന ലീഗില്‍ നിന്നും പ്രധാന ലീഗിലേക്കെത്തുമ്പോള് വിവ കെട്ടിലും മട്ടിലും പുതിയ പരിഷ്ക്കാരങ്ങളാണ് കൊണ്ടു വരുന്നത്. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബില്‍ കളിച്ച താരങ്ങള്‍ക്കൊപ്പം മികവു തെളിയിച്ച ഒരു പറ്റം വിദേശ താരങ്ങളും ടീമിലുണ്ട്. ചര്‍ച്ചില്‍ ബ്രദേഴ്സില്‍ നിന്നും വിവയിലെത്തിയ മണിപ്പൂരുകാരന്‍ ഖേലേംബ സിംഗിന്റെ നേതൃത്വത്തിലാണ് വിവ ഇറങ്ങുന്നത്.
ഡിമാന്‍ഡുകള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ടീമിലേക്കു തിരിച്ചെത്തുന്ന ബാബാതുണ്ടേയും ഖാനാ യുവ താരം അബ്ബി വിസ്ഡമും ചേര്‍ന്നാണ് ടീമിന്റെ ഗോളടിക്കാനുള്ള ചുമതല പങ്കിട്ടെടുത്തിരിക്കുന്നത്. മദ്ധ്യനിരയില്‍ ബിമല്‍ ബറുവ, ജയിംസ്സിംഗ്, ഒഥല്ലോ ടാപിയ കെ വി ലാലു എന്നിവര്‍ നിരക്കും.
പ്രതിരോധത്തില്‍ സ്റ്റോപ്പറുടെ ചുമതലയാണ് നായകന് ഖേലേംബയ്ക്ക്. ഒപ്പം ഘാനക്കാരന്‍ ജോര്‍ജ്ജ് ടുട്ടുവുമുണ്ട്. ടൈറ്റാനിയത്തിലും സന്തോഷ് ട്രോഫിയിലും മുന്നേറ്റക്കാരനായിരുന്നെങ്കിലും വിവയില് വിംഗറാകാനുള്ള ചുമതലയാണ് എബിന് റോസിന്. മുഹമ്മദന്‍സില്‍ നിന്നും വായ്പ്പ കളിക്കാരനായി കൊണ്ടു വന്ന അക്ഷയ് ഘോഷ് മറുവശത്തെ വിംഗറാകും.
കെ എസ് ഇ ബി താരവും മുന്‍ കേരള നായകനുമായ കെ വി നെത്സണാണ് വല കാക്കുക. മഹീന്ദ്രയില്‍ നിന്നെത്തിയ പുരുഷോത്തമനാണ് പകരക്കാരന്. 18 പേരടങ്ങുന്ന വിവയുടെ ബഞ്ചില്‍ പകരക്കാരുടെ ചുമതല ഒരു കൂട്ടം യുവ താരങ്ങളിലാണ് അടങ്ങിയിരിക്കുന്നത്. കൊല്‍ക്കത്തയിലാണ് അരങ്ങേറ്റ മത്സരം.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെക്ക് സ്റ്റേഡിയത്തില്‍ ആദ്യ മത്സരം ഈസ്റ്റ് ബംഗാളിനെതിരെയാണ്. രണ്ടാമത്തെ മത്സരം 29 ന് ബഗാനെതിരെയും. കൊല്‍ക്കത്തയിലെ മത്സരങ്ങള്‍ കഴിഞ്ഞാല്‍ മുംബൈ എയര്‍ ഇന്ത്യയെ അവരുടെ തട്ടകത്തില്‍ ഡിസംബര്‍ 3 നും 9 ന് മഹീന്ദ്രാ യുണൈറ്റഡിനെയും നേരിടും അതിനു ശേഷം കോഴിക്കോട്ടാണ് ഹോം മാച്ചുകള്‍ നടക്കുന്നത്.