ഉണ്ണികൃഷ്ണന്‍നായരുടെ ചിത്ര കൗതുകങ്ങള്‍

T SASI MOHAN|
സി.കെ. ഉണ്ണികൃഷ്ണന്‍നായര്‍ എന്ന ചിത്രകാരനെക്കുറിച്ച് ആരും കേട്ടിരിക്കില്ല. കേള്‍ക്കാന്‍ പോകുന്നതേയുള്ളൂ.

ആറു മാസം കൊണ്ട് മുപ്പതോളം മികച്ച പെയിന്‍റിംഗുകള്‍ തീര്‍ത്ത് ഉണ്ണികൃഷ്ണന്‍നായര്‍, തന്‍റെ സ്വത്വത്തേയും ജന്മാര്‍ജ്ജിത സംസ്കൃതിയെയും തുറന്നു കാട്ടുകയാണ്. ചിലര്‍ക്കത് പരിചിത പരിസ്ഥിതിയുടെ പരിപ്രേക്ഷ്യമായി തോന്നാം.

എന്നാല്‍ ഉദാത്തമായ രചനാ തൃഷ്ണയുടെ ആവിഷ്ക്കാരമാണ് അവ എന്നതാണ് സത്യം. എത്ര അടക്കിയിട്ടും അടക്കാനാവാത്ത സര്‍ഗ്ഗചേതനയുടെ ബഹിര്‍സ്ഫുരണം.

അല്ലായിരുന്നെങ്കില്‍, എഴുപതിനോട് അടുക്കുന്ന പ്രായത്തില്‍ അവിചാരിതമായ ഒരു ഉള്‍പ്രേരണയില്‍, അത്രയൊന്നും പരിചിതമല്ലാത്ത ചിത്രരചനാ കൗശലങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ അദ്ദേഹം തയാറാവുമായിരുന്നില്ല.

എഴുത്തിന്‍റെയും രചനയുടെയും ചാലകശക്തി പലപ്പോഴും സാഹചര്യങ്ങളുടെ പ്രേരണയാവാം.

നാല്പത് കൊല്ലത്തോളം തേയില മേഖലകളില്‍ ഉണ്ണികൃഷ്ണന്‍ നായരോടൊപ്പം ജീവിക്കുകയും ഡോക്ടറെന്ന നിലയില്‍ ആതുര സേവനം നടത്തുകയും ചെയ്ത ഭാര്യ ഡോ. സുലോചനാ നാലപ്പാട്ട് വിശ്രമ ജീവിതകാലത്താണ് എഴുതി തുടങ്ങിയത്

.അതുപോലെ ഉണ്ണികൃഷ്ണന്‍ നായരും വാര്‍ദ്ധക്യത്തിലേക്ക് കാലു കുത്താന്‍ തുടങ്ങുമ്പോഴാണ് പെയിന്‍റിംഗ് തുടങ്ങിയത്. അതുവരെ ലഘു-ലളിത ശില്പ നിര്‍മ്മാണത്തിലായിരുന്നു അദ്ദേഹത്തിന്‍റെ താത്പര്യം.

പക്ഷെ, ഉള്ളില്‍ നല്ലൊരു പെയിന്‍റര്‍ സുപ്താവസ്ഥയില്‍ ഉണ്ടായിരുന്നു. പുതിയ തലമുറയിലേക്ക് അറിയാതെ തന്നെ ഈ സിദ്ധികള്‍ അദ്ദേഹം കൈമാറിക്കഴിഞ്ഞിരുന്നു. മകള്‍ അനുരാധ നാലപ്പാട്ട്, അച്ഛന്‍ ചെറുപ്പകാലത്ത് കൊതിച്ചത് നേടിയെടുത്തു. കൗമാരം വിടും മുമ്പെ നല്ലൊരു പെയിന്‍ററായി അറിയപ്പെടാന്‍ അനുരാധയ്ക്കായി.

2005 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാലു വരെ എറണാകുളത്ത്അച്ഛനും മകളും ചേര്‍ന്നൊരു ചിത്ര വിസ്മയം തീര്‍ത്തു. ഉണ്ണികൃഷ്ണന്‍നായരുടെ പെയിന്‍റിംഗുകള്‍ വേറിട്ടൊരു അനുഭവമാണ്. പ്രകൃതിയാണ് അതിന്‍റെ മുഖ്യധാര. എന്നാലവ വെറും പ്രകൃതി ദൃശ്യങ്ങളല്ല. അനുഭവങ്ങളുടെ അനുരണനങ്ങള്‍ അവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :