സൂര്യച്ചിത്രത്തില്‍ മഞ്ജു വാര്യര്‍, സംവിധാനം മുരുഗദോസ്!

സൂര്യ, മഞ്ജു വാര്യര്‍, മുരുഗദോസ്, ജ്യോതിക, റോഷന്‍ ആന്‍ഡ്രൂസ്
Last Updated: വ്യാഴം, 29 ജനുവരി 2015 (17:25 IST)
സൂര്യയെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ മലയാളത്തിന്‍റെ സൂപ്പര്‍ നായിക മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നു. സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തെ മഞ്ജുവിന് നല്‍കണമെന്ന് തന്നെ സംവിധായകനെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിച്ചതും സൂര്യയാണെന്നാണ് വിവരം.

മഞ്ജു വാര്യയുടെ പഴയ സിനിമകളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെങ്കിലും 'ഹൌ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയിലെ ഗംഭീര അഭിനയമാണ് സൂര്യയെ ആകര്‍ഷിച്ചത്. ഇതോടെ തന്‍റെ സിനിമയില്‍ മഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് സൂര്യ തീരുമാനിക്കുകയായിരുന്നു.

സൂര്യയുടെ നായികയായിരിക്കില്ല ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍. ഒരുപക്ഷേ നായികയേക്കാള്‍ പ്രാധാന്യമുള്ള വേഷമെന്നാണ് സൂചന. പടയപ്പയില്‍ രമ്യാകൃഷ്ണനും എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയില്‍ നദിയാമൊയ്തുവും ഒക്കെ ചെയ്തതുപോലെ അതിശക്തമായ ഒരു കഥാപാത്രമാണ് മഞ്ജുവിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

'കത്തി' എന്ന മെഗാഹിറ്റിന് ശേഷം എ ആര്‍ മുരുഗദോസിന് മൂന്ന് പ്രൊജക്ടുകളാണുള്ളത്. സൊനാക്ഷി സിന്‍‌ഹയെ നായികയാക്കിയുള്ള ഹിന്ദിച്ചിത്രം, വിക്രമിനെ നായകനാക്കിയുള്ള തമിഴ് ചിത്രം, സൂര്യ - മഞ്ജു വാര്യര്‍ ചിത്രം.

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ സൂര്യ - മഞ്ജുവാര്യര്‍ ചിത്രത്തിന്‍റെ കടലാസുജോലികള്‍ പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :