തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍, ലേലം, പത്രം, ഭരത്ചന്ദ്രന്‍ ഐ പി എസ് - ഓര്‍മ്മയില്ലേ ഈ സിനിമകള്‍? തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച ഈ സിനിമകളുടെ പാത പിന്തുടര്‍ന്ന് വീണ്ടും ഒരു ചിത്രം അണിയറയിലൊരുങ്ങുന്നു. സിനിമയുടെ പേര് ‘ജഡ്ജുമെന്‍റ് ഡേ’. നായകന്‍ സുരേഷ് ഗോപി. സംവിധാനം - രണ്‍ജി പണിക്കര്‍.
ക്രിമിനല്‍ അഭിഭാഷകനായ രാം ദാസ് എന്ന കഥാപാത്രത്തെയാണ് സുരേഷ്ഗോപി ജഡ്ജുമെന്‍റ് ഡേയില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്കാണ് രണ്‍ജി - ഷാജി ടീം വീണ്ടും ഒത്തുചേരുന്നത്. തകര്‍പ്പന്‍ ഡയലോഗുകളും ഗംഭീര ആക്ഷന്‍ സീക്വന്‍സുകളും ഈ രണ്‍ജിച്ചിത്രത്തിന്‍റെയും പ്രത്യേകതയായിരിക്കും.
മറ്റൊരു പ്രധാനകാര്യം, ശരത്കുമാര്‍ ഈ സിനിമയില്‍ ഒരു മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ്. ശരത്തിന്‍റെ കഥാപാത്രത്തിന്‍റെ വിവരങ്ങള്‍ അറിവായിട്ടില്ല. എങ്കിലും, പൊലീസ് കഥാപാത്രത്തെയാണ് ശരത് അവതരിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം സുരേഷ്ഗോപിയും ശരത്കുമാറും ഒന്നിക്കുന്ന സിനിമകൂടിയാണ് ജഡ്ജുമെന്‍റ് ഡേ.
ഒരു കൊലപാതകവും അതിന്‍റെ വ്യത്യസ്ത രീതിയിലുള്ള അന്വേഷണങ്ങളും വഴിത്തിരിവുകളുമൊക്കെയായി ഏറെ സങ്കീര്‍ണമായ ഒരു തിരക്കഥയാണ് രണ്‍ജി പണിക്കര്‍ ഈ സിനിമയ്ക്കായി തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍(സംവിധാനം - ഷാജി കൈലാസ്) എന്ന ചിത്രത്തിന് ശേഷം രണ്‍ജി പണിക്കര്‍ ജഡ്ജുമെന്‍റ് ഡേയുടെ ചിത്രീകരണം ആരംഭിക്കും.