സത്യന്‍റെ "വിനോദയാത്ര'

WEBDUNIA|
'വിനോദയാത്ര' എന്നാല്‍ കളിച്ച് ഉല്ലസിച്ചുള്ള ഒരു യാത്ര മാത്രമല്ല, വിനോദ് എന്ന ചെറുപ്പക്കാരനെയും കൊണ്ട് മലയാള സിനിമയുടെ മാറ്റങ്ങളുടെ വഴികളിലൂടെയുള്ള സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍റെ യാത്ര കൂടിയാണ്. സിനിമയെന്ന മാധ്യമത്തിന്‍റെ മാറ്റങ്ങള്‍ക്ക് ഒപ്പം സ്വയം പരിഷ്കരിക്കപ്പെടുമ്പോഴും തനിനാടന്‍ സിനിമക്കാരനായി സത്യന്‍ അന്തിക്കാട് പ്രേക്ഷകരെ രസിപ്പിക്കുകയാണ് വിഷു ചിത്രമായ 'വിനോദയാത്ര'യില്‍.

ഗ്രാമീണ നന്മകളോട് ഒട്ടി നില്‍ക്കുന്ന സ്വന്തം സിനിമാവ്യക്തിത്വം സൂക്ഷിച്ചുകൊണ്ട് തന്നെ പുതിയ സാഹചര്യങ്ങളില്‍ മത്സരിക്കാമെന്ന് സത്യന്‍ തെളിയിക്കുന്നു.

ജലസേചന വകുപ്പിലെ സത്യസന്ധനും മര്യാദക്കാരനുമായ എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഷാജിരാഘവന്‍. ഭാര്യ വിമലക്കും സഹോദരി രശ്മിക്കുമൊപ്പം ജീവിക്കുന്ന സത്യസന്ധനായ ആ സര്‍ക്കാരുദ്യോഗസ്ഥന്‍ ധര്‍മ്മസങ്കടത്തിലാകുന്നു. ഭാര്യയുടെ സഹോദരന്‍ വിനോദ സ്ഥിരതാമസത്തിനായി അവരുടെ അടുത്തേക്ക് വരുന്നു എന്നതു തന്നെയാണ് കാരണം.

വിവാഹപ്രായമായ സഹോദരിയെ വിനോദ് 'വളച്ചെടുക്കുമോ' എന്ന് അയാള്‍ ഭയക്കുന്നു.വിനോദിന്‍റെ യാത്രമുടക്കാനുള്ള അയാളുടെ ശ്രമമെല്ലാം പാളുന്നു. വിനോദും രശ്മിയും അടുത്ത് ഇടപഴകാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് പിന്നീട് ഷാജി ശ്രമിക്കുന്നത്.

കഠിന പ്രയത്നത്തിനൊടുവില്‍ ഷാജി വിനോദിനൊരു പണി കണ്ടുപിടിക്കുന്നു.ആത്മകഥ എഴുതാന്‍ തയ്യാറെടുക്കുന്ന ഐ ജി ജോണ്‍മാത്യവിനെ സഹായിക്കുക എന്നതാണ് പണി. എന്നാല്‍ ഒരു വീട്ടുവേലക്കാരനോടെന്ന പോലെയാണ് ഐ ജി വിനോദിനോട് പെരുമാറുന്നത്.

ഇതിനിടെയിലാണ് വിനോദ് യാത്രയ്ക്കിടെ റെയില്‍വേ സ്റ്റേഷനില്‍ അനുപമ എന്നു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്.റെയില്‍വേ സ്റ്റേഷനില്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന അവളെ അയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു.ഹോട്ടലില്‍ മുറിയെടുത്ത് അവളെ അവിടെ കിടത്തി സ്വന്തം ഫോണ്‍ നമ്പരും എഴുതി വച്ച് അയാള്‍ മടങ്ങുന്നു. വല്ലാത്ത കുരുക്കിലേക്കാണ് ആ പുണ്യപ്രവര്‍ത്തി വിനോദിനെ നയിച്ചത്.

പരിമിതികള്‍ ഏറെയുണ്ടെങ്കിലും ?വിനോദയാത്ര?യിലെ വിനോദിന്‍റെ ധര്‍മ്മസങ്കടങ്ങള്‍ ദിലീപ് നന്നായി അവതപ്പിക്കുന്നു. നാട്ടിന്‍പുറത്തുകാരനായ നായകന്‍റെ ധര്‍മ്മസങ്കടങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് ശേഷം സത്യന്‍ അന്തിക്കാടിന് നല്ലൊരു നടനെ കിട്ടിയെന്നും പറയാം.

മീരജാസ്മിന്‍ പതിവുപോലെ തന്‍റെ ഭാഗം നന്നാക്കി പ്രതിഭ തെളിയിച്ചിട്ടുണ്ട്.സിനിമയിലാകെ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് മുകേഷിന്‍റെ ഷാജി. കഥാപാത്ര നിര്‍മ്മിതിയില്‍ അല്‍പം അപാകതകള്‍ തോന്നുമെങ്കിലും മുകേഷ് തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ അതെല്ലാം മറികടക്കുന്നു.

ഐ ജി ജോണ്‍മാത്യുവാകുന്നത് നെടുമുടി വേണുവാണ്.ഷാജിയുടെ ഡ്രൈവര്‍ അനന്തനായി മാമുക്കോയുയും വാച്ച്മാന്‍ തങ്കച്ചനായി ഇന്നസെന്റും സത്യന്‍ അന്തിക്കാട് ചിത്രത്തിലെ പതിവ് സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.ജുവനെയില്‍ഹോമില്‍ നിന്ന് രക്ഷപ്പൈട്ടെത്തുന്ന ഗണപതിയെന്ന ബാലകഥാപാത്രം ശ്രദ്ധേയമാണ്. ഗണപതിയെന്ന ബാലനാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അനുപമയുടെ അച്ഛനായി മുരളി, അനുപമയുടെ സഹോദരി അമ്പിളിയായി രശ്മി നമ്പീശന്‍, ഐ ജിയുടെ സഹോദരിയായി കെ പി എ സി ലളിത, സീതയായി വിമല, രശ്മിയുടെ വേഷത്തില്‍ രശ്മി എന്നിവരും ചിത്രത്തിലുണ്ട്.

ഇളയാരാജയുടെ സംഗീതത്തില്‍ വയരാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ക്യാമറാമന്‍ എസ് കുമാര്‍ ഗാന ചിത്രീകരണം ഭംഗിയാക്കി.

നിത്യ ജീവിതത്തിലെ സംഭവങ്ങളെ മാധ്യമ ജാഡകളൊന്നുമില്ലാതെ സിനിമയില്‍ അവതരിപ്പിക്കാനുള്ള സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍റെ സാന്നിധ്യം തന്നെയാണ് ചിത്രത്തെ പ്രിയങ്കരമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :