വിജയത്തിന്‍റെ കാല്‍കുത്തി വാസ്കോ

WEBDUNIA|
വിരസതയില്ലാതെ സിനിമകാണാന്‍ അനുവദിക്കുന്ന സംവിധാനവും കഥാ മികവും, അതാണ് ഛോട്ടാ മുംബൈ. ഏറെ കാമ്പുള്ള ചിത്രത്തിന്‍റെ പരിധിയിലൊന്നും പെടുകയില്ലെങ്കിലും ഈ ചിത്രം ബോറടിപ്പിക്കില്ല.

മോഹന്‍ലാലിന്‍റെ വാസ്കോയാണ് ചിത്രത്തിന്‍റെ കേന്ദ്ര ബിന്ദു. പിന്നീട് പറക്കും ലത എന്ന കഥാപാത്രമായി ഭാവനയും പ്രേക്ഷകരെ തേടിയെത്തുന്നു.

സുഹൃത്തുക്കള്‍ക്ക് അയാള്‍ വാസ്കോയാണ്. ഏറ്റവും അടുത്ത കൂട്ടുകാര്‍ക്ക് അയാല്‍ തലൈ ആണ്.അതായത് തലവന്‍. യഥാര്‍ത്ഥ പേര് വാസ്കോഡ ഗാമ എന്നാണ്. പത്രോസാശാന്‍ എന്ന ആയാളുടെ അപ്പന് ചരിത്രത്തില്‍ കമ്പം കയറിയപ്പോഴാണ് മകന് ചരിത്ര പുരുഷന്‍റെ പേരു തന്നെ ഇട്ടുകളയാന്‍ തീരുമാനിച്ചത്.

മകന്‍ വലിയ ആളാകുമെന്നായിരുന്നു പത്രോസാശാന്‍റെ പ്രതീക്ഷ. എന്നാല്‍ വാസ്കോ വളര്‍ന്ന് വലുതായി കൊച്ചിയിലെ ഒരു ഗാങ്ങ് ലീഡറായി മാറി.കൊച്ചിയിലെ ചെറുകിട ഇടിയന്‍ ഗ്രൂപ്പായ ഛോട്ടാ മുംബൈയുടെ തലവനാണ് വാസ്കോ.

ബഷീര്‍, ടോമിച്ചന്‍, ചന്ദ്രപ്പന്‍, സൈനു, സുശീലന്‍ എന്നിവരാണ് ഛോട്ടാ മുംബൈയിലെ മറ്റ് ഗുണ്ടകള്‍. ജീവിതം ഓരോ ദിവസവും അടിച്ചു പൊളിക്കാന്‍ എങ്ങനെയും പണം കണ്ടെത്തണമെന്ന് മാത്രമാണ് അവരുടെ ജീവിത ലക്ഷ്യം. ഇതിന് വേണ്ടി ഗുണ്ടയാകാനും, പറ്റിക്കാനും, കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കാനും മടിയില്ല.

ഓരോ ദിവസും ആഘോഷമാക്കി ജീവിക്കുന്ന ഇവരുടെ മുഖ്യ ഇരകള്‍ കൊച്ചി കാണാനെത്തുന്ന വിദേശികളാണ്. വാസ്കോക്ക് രണ്ട് സഹോദരിമാരാണുള്ളത്. റേച്ചലും മറിയയും. അവര്‍ക്ക് വേണ്ടി എന്തു ചെയ്യാനും വാസ്കോ തയ്യാറാണ്. വാസ്കോയെ വരച്ച വരയില്‍ നിര്‍ത്താന്‍ പത്രോസാശാന്‍ ഒരു വഴികണ്ടെത്തി. വാസ്കോയ പെണ്ണുകെട്ടിക്കുക. കൊച്ചിയിലെ ഓട്ടോ റിക്ഷാക്കാരി പറക്കും ലതയെയാണ് വാസ്കോക്ക് കണ്ടു വച്ചിരിക്കുന്നത്. നിശ്ഛയിച്ച കല്യാണത്തില്‍ നിന്ന് വാസ്കോ തടി തപ്പി നടക്കുകയാണ്. എന്നാല്‍ വാസ്കോയെ വിടാതെ പിന്‍തുടരുകായാണ് ലത.

പെട്ടെന്ന് വാസ്കോയുടേയും കൂട്ടുകാരുടേയും അലസന്‍ ജീവിതം മാറി മറിയുന്നു. അതില്‍ നിന്ന് വാസ്കോയും കൂട്ടുകാരും ജീവിതത്തിന്‍റെ പാഠങ്ങള്‍ പഠിച്ച് കരകയറുന്നതാണ് ഛോട്ടാ മുംബൈയുടെ ഇതിവൃത്തം.

രാജമാണിക്യത്തിലൂടെ കേരളക്കരയെ ആകെ പൊട്ടിച്ചിരിപ്പിച്ച അന്‍വര്‍ റഷീദ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ ഛോട്ടാ മുംബൈയുടെ തിരക്കഥ ബെന്നി പി നായരമ്പലത്തിന്‍റേതാണ്.
പറക്കും ലതയായി വരുന്നത് ഭാവനയാണ്.ജഗതി ശ്രീകുമാര്‍, സായ്കുമാര്‍, രാജന്‍ പി ദേവ്, സുരാജ് വെഞ്ഞാറമ്മൂട്, രാമു, നാരായണന്‍ കുട്ടി, കൊച്ചു പ്രേമന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. സി ഐ നടേശന്‍ എന്ന ശക്തനായ വില്ലന്‍ വേഷത്തില്‍ കലാഭവന്‍ മണി എത്തുന്നു.

അഴകപ്പന്‍ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം പുതുമുഖമായ രാഹുല്‍ രാജാണ്. ശ്രീഭദ്രാ പിക്ചേഴ്സിനു വേണ്ടി മണിയന്‍പിള്ള രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഏപ്രില്‍ ഏഴിന് തിയേറ്ററില്‍ എത്തുന്ന ചിത്രം മമ്മൂട്ടിയുടെ ബിഗ് ബിയുമായി നേരിട്ട് മത്സരിച്ചുകൊണ്ടാണ് മുന്നേറുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :