Last Modified ചൊവ്വ, 19 ജനുവരി 2016 (15:32 IST)
ദിലീപ് നായകനായ ‘ചാന്തുപൊട്ട്’ മലയാളത്തില്‍ വലിയ ഹിറ്റായ സിനിമയാണ്. അന്ന് ആ സിനിമ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് ആലോചനകളുണ്ടായിരുന്നു. തമിഴ് താരം വിക്രമിനെ നായകനാക്കി ചിത്രം റീമേക്ക് ചെയ്താലോ എന്ന് പല സംവിധായകരും ചിന്തിച്ചതാണ്. എന്തുകൊണ്ടോ അത്തരം ചിന്തകളൊന്നും വിജയം കണ്ടില്ല. ചാന്തുപൊട്ടിന്റെ തമിഴ് റീമേക്ക് സംഭവിച്ചില്ല.
ഇപ്പോഴിതാ വിക്രം ഹിജഡയുടെ വേഷത്തില്‍ എത്തുകയാണ്. ഈ സിനിമയ്ക്ക് ചാന്തുപൊട്ടുമായി ഒരു ബന്ധവുമില്ല. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇരുമുഖന്’ എന്ന സിനിമയിലാണ് വിക്രമിന്റെ ഹിജഡ വരുന്നത്.
രണ്ട് കഥാപാത്രങ്ങളെയാണ് വിക്രം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായകനും വില്ലനും. ഇതില്‍ വില്ലന്‍ കഥാപാത്രമാണ് ഹിജഡ. ഈ കഥാപാത്രത്തിന് സ്ത്രൈണ ഭാവമല്ലെന്നും പൂര്‍ണതയുള്ള ഒരു പ്രതിനായക വേഷമാണെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇരുമുഖനില്‍ നയന്‍താരയും നിത്യാ മേനോനുമാണ് നായികമാര്‍.