രാം ഗോപാല്‍ വര്‍മയുടെ ചിത്രത്തില്‍ പ്രിയാമണി

WEBDUNIA|
PRO
മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും ഗംഭീര പ്രകടനങ്ങള്‍ക്ക് ശേഷം ഇനി ഹിന്ദിയില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് പ്രിയാമണി. അഭിനയപ്രാധാന്യമുള്ള വേഷങ്ങളും ഗ്ലാമര്‍ റോളുകളും ഒരുപോലെ വിജയിപ്പിക്കുന്ന പ്രിയയുടെ ഹിന്ദിപ്രവേശം നിസാരമായ ഒരു പ്രൊജക്ടിലൂടെയല്ല. സാക്ഷാല്‍ രാം ഗോപാല്‍ വര്‍മയുടെ ‘രക്തചരിത്ര’ എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി ബോളിവുഡിലെത്തുന്നത്.

‘രക്തചരിത്ര’ ഒരു ഹിന്ദി - തെലുങ്ക് പദ്ധതിയാണ്. വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ നായകന്‍. തമിഴ് സൂപ്പര്‍താരം സൂര്യ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യയുടെ നായികയായാണ് പ്രിയാമണി അഭിനയിക്കുന്നത്. തെലുങ്ക് രാഷ്ട്രീയത്തിലെ വിവാദനായകനായ പരിതല രവി എന്ന യഥാര്‍ത്ഥ വ്യക്തിയെയാണ് വിവേക് ഒബ്‌റോയി അവതരിപ്പിക്കുന്നത്. പരിതല രവിയുടെ ‘സുഹൃത്തും ശത്രു’വുമായ മഡലച്ചെരുവ് സൂരി എന്ന കഥാപാത്രത്തെ സൂര്യ അവതരിപ്പിക്കുന്നു.

രാം ഗോപാല്‍ വര്‍മയുടെ പ്രസ്റ്റീജ് പ്രൊജക്ടാണ് രക്തചരിത്ര. രണ്ടു ഭാഗങ്ങളായാണ് ഈ സിനിമ പുറത്തിറങ്ങുക. ഈ രണ്ടു ഭാഗങ്ങളിലും പ്രിയാമണിയും സൂര്യയും ഉണ്ടാകും. പരുത്തിവീരനില്‍ മുത്തഴകിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ പ്രിയാമണി രക്തചരിത്രയിലൂടെ മറ്റൊരു ദേശീയ അവാര്‍ഡാണ് ലക്‍ഷ്യമിടുന്നത്.

തിരക്കഥ, അത് ഒരു കനാക്കാലം, പരുത്തിവീരന്‍, ഒറ്റനാണയം, യമഡോംഗ, മലൈക്കോട്ടൈ, തോട്ട, ദ്രോണ(തെലുങ്ക്), നിനൈത്താലേ ഇനിക്കും, പുതിയ മുഖം, അറുമുഖം, ശംഭോ ശിവ ശംഭോ, രാവണ(മണിരത്നം ചിത്രം) എന്നിവയാണ് പ്രിയാമണിയുടെ പ്രധാന ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :