ഭരതന്‍ സിനിമകളിലെ രതി സങ്കല്‍പ്പം...

WEBDUNIA|
തടിച്ച ശരീരമുള്ള ഒരു യുവ സിനിമ നായികയോട് കടുത്ത ആരാധനയുള്ള ഒരു സുഹൃത്തിനോട് ചോദിച്ചു. ‘ഇത്ര കടുത്ത ആരാധന ഈ നായികയോട് തോന്നുവാന്‍ എന്താണ് കാരണം?‘.

‘ ഈ നടി മിക്കപ്പോഴും ശരീരം മുഴുവന്‍ മൂടിപുതച്ചിട്ടാണ് അഭിനയിക്കാറ്. എല്ലാം തുറന്ന് കാട്ടി അഭിനയിക്കുന്ന നടിമാരോട് കുറച്ച് കഴിയുമ്പോള്‍ മമത കുറയും. പക്ഷെ, മൂടി പുതച്ചു അഭിനയിക്കുന്ന നടിയുടെ പല ശരീര ഭാഗങ്ങളും ഇതു വരെ കാണാത്തതു കൊണ്ട് അവയോട് നിഗൂഡമായ ഒരു തരം ഭ്രമം തോന്നുന്നു. കേള്‍ക്കാത്ത പാട്ടാണ് കേട്ട പാട്ടിനേക്കാള്‍ മനോഹരമെന്ന് ഒരു ആംഗലേയ കവി പാടിയിട്ടുണ്ടല്ലോ?’.

തുറന്ന രതി ഒരിക്കലും ഭരതന്‍ ചിത്രങ്ങളില്‍ കാണുവാന്‍ കഴിയുകയില്ല. രതി മനസ്സുകളിലുണ്ടാക്കുന്ന വ്യതിയാനങ്ങള്‍ ഭരതന്‍ ചലച്ചിത്രങ്ങളില്‍ കാണുവാന്‍ കഴിയും. ആത്മീയത, ,പ്രായം എന്നിവയൊന്നും രതിക്ക് തടസ്സം ഉണ്ടാക്കുന്നവയല്ല.

അതു കൊണ്ടാണ് 1978 ല്‍ പുറത്തിറങ്ങിയ പ്രയാണത്തിലെ വൃദ്ധ ബ്രാ‌ഹ്മണന്‍ ശ്രീ കോവിലിനുള്ളിലിരുന്ന് 20 വയസ്സുള്ള തന്‍റെ നാലാം വേളിയെ ഓര്‍ക്കുന്നത്. രതി നിര്‍വേദത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായ കൌമാരക്കാരന് അടുത്ത വീട്ടിലെ ചേച്ചിയോട് അടുപ്പം തോന്നുന്നതും..

1980 ല്‍ പുറത്തിറങ്ങിയ ഭരതന്‍ സിനിമയാണ് ലോറി. ഇതില്‍ രണ്ട് ലോറി ഡ്രൈവര്‍മാര്‍ ഒരു പെണ്‍കുട്ടിയെ ലഭിക്കാനായി പോരാടി മരിക്കുന്നു. നായികയുടെ മനസ്സ് സ്വന്തമാക്കിയ ലോറി ക്ലീനര്‍ അവളെ വിവാഹം ചെയ്യുന്നു.

1982 ല്‍ പുറത്തിറങ്ങിയ മര്‍മ്മരത്തില്‍ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ക്ക് ഭര്‍ത്താവുള്ള പാട്ടു ടീച്ചറോട് പ്രണയം തോന്നുന്നു. തിരിച്ച് പാട്ടു ടീച്ചര്‍ക്കും അങ്ങോട്ട് അടുപ്പം തോന്നുന്നു.

എന്നാല്‍ ഈ ചിത്രങ്ങളിലൊന്നും ലൈംഗിക അതിപ്രസരമുള്ള രംഗങ്ങള്‍ ഇല്ല. ലൈംഗികത മനസ്സുകളില്‍ സൃഷ്‌ടിക്കുന്ന സംഘര്‍ഷമാണ് ഈ സിനിമകളിലെ തന്തു. മാനസികമായ അടുപ്പമാണ് ലൈംഗികതയുടെ അടിത്തറയെന്ന് ഈ സിനിമകള്‍ ഊട്ടിയുറപ്പിക്കുന്നു.

വൈശാലിയിലെ താപസ കുമാരന്‍ പിതാവായ വിഭാണ്ഡകനെ ഉപേക്ഷിച്ച് നായികയുടെ കൂടെ പോകുന്നു. ഇവിടെ മന്ത്രങ്ങള്‍ ശുദ്ധീകരിച്ച മനസ്സ് ശരീരത്തിന്‍റെ മുന്നില്‍ കീഴടങ്ങുന്നു. പാഥേയത്തില്‍ നായക കഥാപാത്രം മഴയുള്ള രാത്രിയില്‍ തൊടുമ്പോള്‍ നായിക വഴങ്ങുന്നു. നായകനെ ഒരു ദിവസത്തെ പരിചയമേ നായികക്കുള്ളൂ. എന്നിട്ടും അവര്‍ വഴങ്ങുന്നു.

ഇതിനെതിരെ സ്‌ത്രീവാദികള്‍ രംഗത്തിറങ്ങി. ഒരു ചുംബനം കൊണ്ടോ, സ്‌പര്‍ശനം കൊണ്ടൊ വഴങ്ങുന്നവരല്ല സ്‌ത്രീകളെന്ന് അവര്‍ പറയുന്നു. എന്നാല്‍, അവര്‍ അവഗണിച്ച ഒന്നുണ്ട്.

നമ്മുടെ സമൂഹത്തില്‍ നടക്കുന്ന 90% വിവാഹങ്ങളും നിശ്ചയിച്ച് ഉറപ്പിച്ചതാണ്. പെണ്ണിനെ കണ്ട്, നിശ്ചയം കഴിഞ്ഞ്,വിവാഹം കഴിഞ്ഞ് അവര്‍ ആദ്യ രാത്രിയില്‍ ബന്ധപ്പെടുന്നു. കഷ്‌ടിച്ച് രണ്ട് മൂന്ന് ദിവസങ്ങളുടെ പരിചയമേ ഇവര്‍ തമ്മില്‍ ഉണ്ടാവുകയുള്ളൂ. ഇതും പാഥേയത്തിലെ മേല്‍പ്പറഞ്ഞ രംഗവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?.

ദേവ രാഗത്തില്‍ നായികയെ വിവാഹം ചെയ്ത വ്യക്തി ആദ്യ രാത്രിയില്‍ പറയുന്നു.‘ ഞാന്‍ ഇന്‍‌പൊട്ടന്‍റാണ്’. മസില്‍ കാണിക്കുന്ന, മീശ പിരിക്കുന്ന പുരുഷന്‍‌മാരെ നമ്മള്‍ സിനിമയില്‍ ഒരു പാട് കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ ദൌര്‍ബല്യം വിളിച്ചു പറയുന്ന പുരുഷ കഥാപാത്രത്തെ ഉണ്ടാക്കുവാന്‍ ഭരതനേ കഴിയൂ. യോഗ്യതകള്‍ മാത്രമല്ല. ദൌര്‍ബല്യങ്ങള്‍ കൂടി ഉള്ളവരാണ് മനുഷ്യരെന്ന ധ്വനി കൂടി ഈ രംഗം നമ്മള്‍ക്ക് തരുന്നു.

വെങ്കലത്തില്‍ രംഗമുണ്ട്. നായിക കഥാപാത്രം ഭര്‍ത്താവിന്‍റെ അനുജനുമായി സംസാരിക്കുമ്പോള്‍ അത് നോക്കി അമ്മായിയമ്മ രസിക്കുന്നത്. ഈ അമ്മായിമ്മ രണ്ട് ആണ്‍‌മക്കള്‍ക്കും കൂടി ഒരു ഭാര്യ മതിയെന്ന വിചാരമുള്ള വ്യക്തിയാണ്. ലൈംഗികതയുടെ കാര്യത്തിലുള്ള പാരമ്പര്യ നിഷ്‌ഠകള്‍ എങ്ങനെ വ്യക്തി ജീവിതത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് മികച്ച ഉദാഹരണമാണ് ഈ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :