‘ലീല’ രഞ്ജിത്തിന്‍റെ ഒരു സ്വപ്ന സിനിമയാണ്. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനും പോലെ. ഉണ്ണി ആര്‍ എഴുതിയ കഥയ്ക്ക് രഞ്ജിത് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്. നായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍. ‘ലീല’യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം രഞ്ജിത് ‘ഇന്ത്യന്‍ റുപ്പീ’ എന്ന പൃഥ്വിരാജ് ചിത്രം ആരംഭിക്കും.
വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇന്ത്യന്‍ റുപ്പീയുടേത്. ഇന്നത്തെ യുവത്വത്തിന്‍റെ കഥയാണിത്. ‘ജെ പി’ എന്ന ജയപ്രകാശിനെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ പ്രതീകം. പുതിയ തലമുറയുടെ കഥയെന്നു പറയുമ്പോള്‍ ആട്ടവും പാട്ടും ബൈക്കും റൊമാന്‍സും കോളജുമൊക്കെ ചേര്‍ത്തൊരു മസാല ഒനുമല്ല ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത്, പണത്തിനോട് അത്യാര്‍ത്തി പൂണ്ട് നടക്കുന്ന യുവത്വത്തിന്‍റെ കഥയാണിത്.
ജെ പിയുടെ മുത്തച്ഛന്‍ ഗാന്ധിയനായ ഒരു കള്ളുചെത്തുകാരനായിരുന്നു. ഒരു തുള്ളി കള്ള് പോലും കഴിക്കാത്ത കള്ളുചെത്തുകാരന്‍. മഹാത്മാഗാന്ധിയോടുള്ള ആദരവ് കാരണം അയാള്‍ മകന് ഗാന്ധി എന്ന് പേരിട്ടു. മുഴുക്കുടിയനായിരുന്നു ഗാന്ധി. ഗാന്ധിയാകട്ടെ മകന് ജയപ്രകാശ് എന്ന് പേരിട്ടു. ഒരുദിവസം കൊണ്ട് എങ്ങനെ പണക്കാരനാകാം എന്നായിരുന്നു അവന്‍റെ ചിന്ത. എല്ലാ പണക്കാരും അവന്‍റെ ദൈവങ്ങളായി. ഫാരിസ് അബൂബക്കര്‍ റോള്‍ മോഡലായി.
പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യന്‍ റുപ്പീയിലെ ജെ പി. ഇന്ത്യന്‍ റുപ്പീയ്ക്ക് ശേഷം രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. വിദേശത്തുനിന്ന് അവധിക്കാലമാഘോഷിക്കാന്‍ നാട്ടിലെത്തുന്ന പത്തനംതിട്ടക്കാരനായ ഉമ്മച്ചനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.