രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രത്തില്‍ നിന്ന് സുരേഷ്ഗോപി പിന്മാറി. പൃഥ്വിരാജാണ് നായകനെങ്കിലും കഥയില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് സുരേഷ്ഗോപിയെ രഞ്ജിത് പരിഗണിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സിനിമയില്‍ നിന്ന് സുരേഷ്ഗോപി പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരേഷ്ഗോപി ചെയ്യാനിരുന്ന കഥാപാത്രത്തെ ബിജുമേനോന് അവതരിപ്പിക്കുമെന്നാണ് സൂചന.
‘ദി കിംഗ് ആന്റ് ദി കമ്മീഷണര്‍’ എന്ന ചിത്രത്തിന് വേണ്ടി 10 കിലോയോളം ശരീരഭാരം കുറച്ചതിനെ തുടര്‍ന്ന് സുരേഷ്ഗോപിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കിംഗ് ആന്റ് ദി കമ്മീഷണര്‍ പാതിവഴിയില്‍ നിര്‍ത്തി സുരേഷ് വിശ്രമത്തിലാണ്. ശാരീരികസ്ഥിതി ശരിയാകുമ്പോള്‍ ആ സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങും. അതിനിടെ മറ്റൊരു സിനിമയില്‍ അഭിനയിച്ച് കുഴപ്പമുണ്ടാക്കേണ്ട എന്നുകരുതിയാണ് സുരേഷ്ഗോപി ഈ സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.
വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇന്ത്യന്‍ റുപ്പിയിലൂടെ രഞ്ജിത് പറയുന്നത്. സമൂഹത്തിലെ സര്‍വ കൊള്ളരുതായ്മകള്‍ക്കും പിന്നില്‍ ഒരേയൊരു കാര്യമാണുള്ളത് - പണം! ധനമോഹികളുടെ എണ്ണം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചുവരുന്നു. അത്യാഗ്രഹികളായ ചെറുപ്പക്കാരാല്‍ കേരളം നിറയുന്നു. ‘ഇന്ത്യന്‍ റുപ്പി’യ്ക്ക് പശ്ചാത്തലമാക്കുന്നത് ഈ വിഷയമാണ്.
ഇന്ത്യന്‍ റുപ്പി തന്റെ ‘പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണെന്ന് രഞ്ജിത് പറയുന്നു. “ധനികനായതിനു ശേഷം പ്രശസ്തിക്കു പിന്നാലെ പായുന്ന ഒരാളുടെ കഥയായിരുന്നു പ്രാഞ്ചിയേട്ടന്. പ്രശസ്തിയേക്കാള്‍ പണത്തെ ആരാധിക്കുന്ന ഒരാളാണ് ഇന്ത്യന്‍ റുപ്പിയിലെ നായകന്. ആ അര്‍ത്ഥത്തില്‍ പ്രാഞ്ചിയേട്ടന്റെ ഒന്നാം ഭാഗമാണ് ഇന്ത്യന്‍ റുപ്പി” - രഞ്ജിത് പറയുന്നു.
തിലകന്, ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, ബാബുരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. റീമ കല്ലിങ്കലാണ് നായിക. ദേശീയ അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെതിരെ ശക്തമായി പ്രതികരിച്ച നടന് സലിം കുമാറിനെയും രഞ്ജിത് ഈ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നു എന്നതാണ് കൌതുകമുണര്‍ത്തുന്ന ഒരു കാര്യം.
ജയപ്രകാശ് എന്ന ‘ജെ പി’യാണ് ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം. വെറും പത്താംക്ലാസുകാരനായ ജെ പി എങ്ങനെയും പണമുണ്ടാക്കാനുള്ള മോഹം സൂക്ഷിക്കുന്ന ആളാണ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ ജീവിതത്തെ ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുകയാണ് രഞ്ജിത് ഈ ചിത്രത്തില്‍. കോഴിക്കോടാണ് ഇന്ത്യന്‍ റുപ്പിയുടെ പ്രധാന ലൊക്കേഷന്‍.
പൃഥ്വിരാജും ആസിഫ് അലിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നതും ഇന്ത്യന്‍ റുപ്പിയുടെ സവിശേഷതയാണ്. ഒപ്പം വിനീത് ശ്രീനിവാസനുമുണ്ട്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ റുപ്പി നിര്‍മ്മിക്കുന്നത്.