പുതിയ ട്രെന്‍ഡുമായി ബിഗ് ബി

WEBDUNIA|
പഴകി തേഞ്ഞ അഖ്യാന രീതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപോയ മലയാള സിനിമക്ക് ഒരു ട്രന്‍റ് സെറ്റര്‍ ആണ് അമല്‍ നീരദ് ഒരുക്കിയിരിക്കുന്നത്. കഥപറച്ചിലിന്‍റെ പുതുമയും സാങ്കേതിക വിദ്യയുടെ തിരിച്ചറിവോടെയുള്ള ഉപയോഗവും വാചക കസര്‍ത്തില്ലാതെ പ്രതികരിക്കുന്ന നായകനുമെല്ലാം ബിഗ് ബി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാക്കുന്നു. മമ്മൂട്ടിയില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ എന്ന അമിതഭാരം ഇളക്കി കളയാന്‍ അമല്‍ നീരദിനും കഴിഞ്ഞില്ല എന്ന ദോഷവും വേണമെങ്കില്‍ ചൂണ്ടികാട്ടാം.

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ഛായാഗ്രാഹണം പഠിച്ചിറങ്ങി രാംഗോപാല്‍ വര്‍മ്മയുടെ ഫാക്ടറി വഴി മലയാളത്തില്‍ എത്തിയ അമല്‍ നിരദ് ആദ്യ ചിത്രത്തലൂടെ മലയാള സിനിമക്ക് സഞ്ചരിക്കാന്‍ ഒരു പുതിയ വഴി കൂടികാട്ടികൊടുക്കുന്നു.ഫിലിം ഇന്‍സ്റ്റിറ്റൂട്ട് ജീവികളുടെ ആദ്യ സിനിമകളില്‍ സ്ഥിരം അവശേഷിക്കാറുള്ള ബൗദ്ധിക ജാഡ പൂര്‍ണമായും കുടഞ്ഞെറിയാനും സംവിധായകന് ശ്രമിച്ചിട്ടുണ്ട്. ഓരോ ഫ്രയിമിലും പ്രേക്ഷകരെ എന്‍റര്‍ടൈന്‍ ചെയ്യിക്കാനുള്ള അച്ചടക്കത്തോടെയുള്ള സംവിധായന്‍റെ ശ്രമം ബിഗ് ബിയെ രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളുടെ പട്ടികയിലേക്ക് തള്ളിവിടുന്നു.

എന്നാല്‍ വര്‍മ്മയുടെ നായകന്മാര്‍ കൊണ്ടും കൊടുത്തും വളരുന്നവരാണ്. കൈയ്യബദ്ധങ്ങളും തെറ്റുകളും തെമ്മാടിത്തരങ്ങളും വര്‍മ്മയുടെ നായകന്‍മാരും കാണിക്കാറുണ്ട്. എന്നാല്‍ അമല്‍ നീരദിന്‍റെ നായകന്‍ ബിലാല്‍ എന്ന ബിഗ് ബിയില്‍ മമ്മൂട്ടി എന്ന ക്രൗഡ് പുള്ളറിന്‍റെ അതിമാനുഷിക സ്വഭാവം അവശേഷിക്കുന്നുണ്ട്. അമല്‍ നീരദിന്‍റെ വ്യത്യസ്തമായ സമീപനം ആസ്വദിക്കുന്നവരെ ഒരു പക്ഷേ അലോസരപ്പെടുത്തുന്നതും അതാകാം.

അനാഥബാല്യങ്ങളുടെ സംരക്ഷകയായ മേരി ടീച്ചറിന്‍റെ(നഫീസഅലി) കൊലപാതകത്തോടെയാണ് സിനിമ തുടങ്ങുന്നത്. ബിലാല്‍(മമ്മൂട്ടി), എഡ്ഡി(മനോജ് കെ ജയന്‍), മുരുകന്‍(ബാല), ബിജോ(സുമിത് നാവല്‍) എന്നിവര്‍ മേരി ടീച്ചര്‍ എടുത്തുവളര്‍ത്തിയ കുട്ടികളാണ്. അടിപിടിയുടെ വഴിയില്‍ പെട്ടുപോയ ബിലാല്‍ മുംബൈ അധോലകത്തിലെ ബോഡിഗാഡാണ്.അമ്മയുടെ കൊലപാതകി കളെ തേടാന്‍ മക്കള്‍ ഒന്നിക്കുമ്പോള്‍ കൊച്ചി യെന്ന അധോലോക നഗരത്തിന്‍റെ ഭീതികര മുഖമാണ് വെളിവാകുന്നത്.

ബിഗ് ബി എന്ന ബിലാലിന് മുന്നില്‍ എല്ലാ പ്രതിസന്ധികളും തകരുന്നു.പകരത്തിന് പകരം ചോദിക്കാനുളള മുന്‍പിന്‍ നോക്കാതെയുള്ള ഇറങ്ങി പുറപ്പെടലുകളില്‍ കുടുംബത്തിന്‍റെ പിന്‍വിളികളും നിശബ്ദമായ ഒരു പ്രണയത്തിന്‍റെ ദാരുണ അന്ത്യവും കൃതഹസ്തരനായ സംവിധായകന്‍റെ വിരല്‍പാടുകളാണ്.

എന്നാല്‍ ബിഗ് ബിയുടെ പടയൊരുക്കത്തിനു ശേഷം വീടിന്‍റെ സൗമ്യാന്തരീക്ഷങ്ങള്‍ ഇടവിട്ടെത്തുന്നത് സിനിമയുടെ വേഗത്തെ ബാധിക്കുന്നുണ്ട്. മംത മോഹന്‍ദാസ് അവതരിപ്പിക്കുന്ന ബാലയുടെ കാമുകി റിമയുടെ അപ്പന്‍റെ വേഷത്തില്‍ ഇന്നസെന്‍റ് തമാശ കാണിക്കാന്‍ വേണ്ടി മാത്രമാണ് എത്തുന്നത്. തമിഴ് നടന്‍ പശുപതി അവതരിപ്പിക്കുന്ന ബാലാജി ശക്തിവേല്‍ ഐ പി എസുകാരനെ വില്ലന്‍ കൊല്ലുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ല.

സായിപ്പ് ടോണി എന്ന വില്ലന്‍റെ നീചത്വം ബോധ്യപ്പെടുത്താന്‍ ശക്തമായ ഒരു കഥാപാത്രത്തെ എറിഞ്ഞുടയ്ക്കുന്നത് പോലെ തോന്നി. വാചകമില്ലാതെ ക്രൂരത അവതരിപ്പിക്കാന്‍ ഹിന്ദി നടന്‍ ഷെര്‍വീര്‍ വാകിലിന്‍റെ ശരീരഭാഷക്ക് കഴിയുന്നു. സാധാരണ വില്ലന്‍റെ അനുയായികളായി വാ കൊണ്ട് ഗോഷ്ടി കാണിക്കുന്ന വയറുചാടിയ സ്റ്റണ്ടുതാരങ്ങളെയാണ് മലയാളി സംവിധായകര്‍ ഉപയോഗിക്കുന്നത്. വില്ലന്‍മാരുടെ വ്യക്തിത്വത്തെ അമല്‍ നീരദ് മാനിച്ചിട്ടുണ്ട്.

വില്ലനെ കായികമായി നേരിടുന്നതിനൊപ്പം വാചകമടിച്ചും തോല്‍പിച്ചുകൊണ്ടാണ് ഈ ഗണത്തില്‍ പെട്ട പ്രതികാര ചിത്രങ്ങള്‍ ഇന്നോളം അവസാനിച്ചിട്ടുള്ളത്. ബിഗ് ബിക്ക് വാചകമടി കുറവാണ് പ്രവൃത്തി മാത്രമേയുള്ളു. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എരിവും പുളിയും ക്ളൈമാക്സില്‍ ഇല്ലാതെ പോകുന്നത് കടുത്ത മമ്മൂട്ടി ആരാധകരെ ഒരു വേള നിരാശരാക്കിയേക്കും.എന്നാല്‍ ശരീരഭാഷയിലും വാചികാഭിനയത്തിലും സ്ഥിരം അതിമാനുഷ മമ്മൂട്ടി വേഷങ്ങളെ സംവിധായകന്‍ ഉടച്ച് വാര്‍ക്കുന്നു.

പൂര്‍ണമായും 16 എം എം ക്യാമറയില്‍ ചിത്രീകരിച്ച ബിഗ് ബി, സിനിമയുടെ സാങ്കേതികമായ കൈയ്യൊതുക്കം കൊണ്ടാകും വരുകാലങ്ങളില്‍ ചരിത്രത്തിന്‍റെ ഭാഗമാകുക. പുതുമുഖങ്ങളായ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും എഡിറ്റര്‍ വിവേകേ ഹര്‍ഷനും പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :