ചിരിപ്പിച്ചും ചിന്തിപ്പിച്ചും സത്യന്‍

WEBDUNIA|
ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാടിനെ വിശേഷിപ്പിച്ചത് സിനിമാക്കാര്‍ക്കിടയിലെ എ.കെ ആന്‍റണിയെന്നാണ്. ഇങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം സത്യന്‍ എപ്പോഴും എളിയ ജീവിതത്തെ തന്‍റെ സിനികളില്‍ പ്രമേയമാക്കുന്നതാണ്.

സമകാലിന കേരളീയ യാഥാര്‍ത്ഥ്യങ്ങളിലൂടെ സത്യന്‍ അന്തിക്കാട് തന്‍റെ സിനിമകളിലൂടെ നടത്തിയ യാത്ര വളരെ പ്രസക്തമായവ തന്നെയാണ്. തൊഴിലില്ലായ്മ, സമകാലീന പ്രശ്നങ്ങള്‍‍, മലയാളിയുടെ അപകര്‍ഷതാബോധം അങ്ങനെ സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളും ഈ അന്തിക്കാട്ടുകാരന്‍ തന്‍റെ സിനിമകളിലൂടെ മലയാളിക്ക് പകര്‍ന്നു നല്‍കി

തന്‍റെ പുതിയ ചിത്രമായ വിനോദയാത്രയില്‍ അദ്ദേഹം സിനിമാ ആസ്വാദകര്‍ക്കായി ജീവിതത്തിന്‍റെ മറ്റൊരു തലത്തിന്‍റെ വാതില്‍ തുറന്നിടുന്നു. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ വിനോദെന്ന എം.സി.എക്കാരന്‍റെ ലക്‍ഷ്യമില്ലാത്ത ജീവിതയാത്രയ്ക്ക് തന്‍റെ സഹോദരിയുടെ വീട്ടിലെ താമസം നല്‍കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്‍റെ പ്രമേയം.

പ്രശ്നങ്ങള്‍ പലതും ഉണ്ടെങ്കിലും ജീവിതത്തിന്‍റെ ഓരോ മിനിറ്റും ആസ്വദിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍. കുട്ടികള്‍ ഇല്ലെങ്കില്ലും ആ ദു:ഖം പ്രകടിപ്പിക്കാത്ത മുകേഷിന്‍റെയും സീതയുടെയും കഥാപാത്രങ്ങള്‍, മാതാപിതാക്കളുടെ സംരക്ഷണം ഇല്ലെങ്കിലും ജോലി ചെയ്തു ജീവിക്കുന്ന ഗണപതി, മകള്‍ മരിച്ച ദു:ഖം ഉള്ളിലൊതുക്കി ജീവിക്കുന്ന ഇന്നസന്‍റിന്‍റെ കഥാപാത്രം മുതലായവര്‍ ഇതിനുദാഹരണം.

മലയാളിയെ മുറിവേല്‍പ്പിക്കാതെ പരിഹസിക്കുകയാണ് ഈ ചിത്രത്തിലൂടെ സത്യന്‍ ചെയ്തിരിക്കുന്നത്. പ്രശ്നങ്ങള്‍ ഏതുമാവട്ടെ, ജീവിതത്തിന്‍റെ കയ്പ്പു നീര്‍ യാതൊരു മടിയും കൂടാതെ വലിച്ചിറക്കി കുടിക്കുന്ന ഒരു പിടി സാധാരണക്കാരെ സത്യന്‍ അന്തിക്കാട് അവതരിപ്പിക്കുന്നു.

മലയാളി യുവത്വത്തിന്‍റെ പ്രതിരൂപമാണ് ഇതിലെ നായകന്‍ വിനോദ്(ദിലീപ്) . അരിയുടെ, വെളിച്ചെണ്ണയുടെ, വൈദ്യുതിയുടെ വിലയറിയാതെ ക്യൂബയെക്കുറിച്ചും, ഇറാഖിലെ അധിനിവേശത്തെക്കുറിച്ചും തൊണ്ട കീറി സംസാരിക്കുന്നവര്‍ ഇന്നും നമ്മുടെ ചുറ്റിലുണ്ട്. വിനോദയാത്രയില്‍ സത്യന്‍റെ നായിക മീരജാസ്മിന്‍ ദിലീപിന്‍റെ കഥാപാത്രത്തോട് ഉപദേശിക്കുന്നു; ചുറ്റുപാടിനെ മനസ്സിലാക്കി വേണം അകങ്ങളെക്കുറിച്ച് ചിന്തിക്കാന്‍.

ജീവിതത്തില്‍ ലക്‍ഷ്യമില്ലാത്ത നായകനെ നേര്‍വഴിക്ക് നയിക്കുന്ന നായികമാര്‍ മലയാള സിനിമയില്‍ ഒരുപാടുണ്ടായിട്ടുണ്ട്. എന്നാല്‍, അവയില്‍ നിന്നെല്ലാം വ്യത്യാസമുള്ള സമീപനം തന്‍റെ സിനിമയില്‍ പ്രകടിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

തലമറന്ന് എണ്ണ തേക്കുന്ന സമകാലിന മലയാളികളില്‍ അല്ലെങ്കില്‍ അദ്ധ്വാനത്തിന്‍റെ വിലയറിയാത്ത യുവജനങ്ങള്‍ക്കിടയില്‍ സത്യന്‍ അന്തിക്കാടിന്‍റെ വിനോദെന്ന കഥാപാത്രത്തിന്‍റെ ഭൂതകാലം കുടിക്കൊള്ളുന്നു

സത്യന്‍റെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സിനെ കുളിരണിയിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമാകുന്നു. ഒരു പക്ഷെ മലയാളിയുടെ സാമൂഹിക ചരിത്രത്തില്‍ വേറിട്ട ഒരിടം നേടാന്‍ കഴിവുള്ളവരാണ് സത്യന്‍റെ കഥാപാത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :