ഏകാന്തതയുടെ വേദനയുമായി ഏകാന്തം

WEBDUNIA|

വാര്‍ദ്ധക്യജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരെ കുറിച്ചാണ് "ഏകാന്തം' സംസാരിക്കുന്നത്. എല്ലാവരാലും, ജന്മം നല്‍കിയ മക്കളാല്‍ പോലും ഉപേക്ഷിക്കപ്പെട്ടവരുടെ ഏകാന്തതയാണ് സിനിമയുടെപ്രമേയം.

സാധാരണ ഗൗരവമുള്ള പ്രമേയങ്ങളുമായി വരുന്ന സംവിധായകര്‍ക്ക് സംഭവിക്കുന്ന തെറ്റ് മധുകൈതപ്രവും ആവര്‍ത്തിക്കുന്നു. ഫ്രയിമുകളുടെയും പ്രമേയത്തിന്‍റെയും മന്ദഗമനം തന്നെയാണ് പ്രശ്നമാവുന്നത്. ജയരാജിന്‍റെ അസോസിറ്റായി നിരവധി സിനിമകളില്‍ സഹകിച്ച മധു കൈതപ്രത്തിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ഏകാന്തം.

ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥനായ അച്യുതമേനോന്‍ തന്‍റെ ഭാര്യയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്.ഡല്‍ഹിയിലും വിദേശത്തുമായി ഔദ്യോഗിക ജീവിതം നയിക്കുന്ന തിരക്കില്‍ ജീവിതത്തിന്‍റെ വേരുകളിലേക്ക് തിരിഞ്ഞു നോക്കാന്‍ അച്യുതമേനോന്‍ ഒരിക്കലും താത്പര്യം കാണിച്ചിരുന്നില്ല.തനിക്ക് ഒരു കുഞ്ഞിനെ പോലും സമ്മാനിക്കാതെ ഭാര്യ കൂടി പോയതോടെ ആയാള്‍ തിരക്കുകളുടെ നടുവില്‍ ഒറ്റയ്ക്കായി.

ഏകാന്തത അസഹ്യമായപ്പോള്‍ അനുജന്‍ രാവുണ്ണിയുടെ അടുത്തുപോകാന്‍ അയാള്‍ തീരുമാനിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂതകാലത്തിലേക്ക് മടങ്ങിയ അച്യുതമേനോന്‍ ജന്മനാട്ടില്‍ അനുജനെ തേടി എത്തുന്നു. വിഭാര്യനായ രാവുണ്ണിയും ഏകന്തനാണ്. പോരാത്തതിന് രോഗബാധിതനും.അയാളുടെ രണ്ടുമക്കളും നഗരത്തില്‍ അവരവരുടെ കുടുംബ തിരക്കുകളിലാണ്.

അച്യുതമേനോന്‍റെ സുഹൃത്ത് ക്യാപ്റ്റന്‍ ആര്‍ കെ നായരുടെ നിര്‍ദശ പ്രകാരം രാവുണ്ണിയെ കാരുണ്യം എന്ന സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നു.അച്യുതമേനോനും രാവുണ്ണിയോടൊപ്പം അവിടെ കഴിയുന്നു. ഡോ. സണ്ണിയും ഡോ സോഫിയയുമാണ് ആശുപത്രി നടത്തിപ്പുകാര്‍.

മരണത്തെ മുന്നില്‍ കണ്ട് കഴിയുന്ന വേലായുധന്‍ എന്ന രോഗിയും അവിടെയുണ്ട്. തന്നോട് പത്തുമിനിറ്റെങ്കിലും സംസാരിക്കാമോ എന്ന് മാത്രമാണ് കാണാന്‍ വരുന്നവരോടെല്ലാം വേലായുധന്‍റെ ആവശ്യം.മനുഷ്യ ബന്ധങ്ങളുടെ വ്യത്യസ്തമായ ഒരു ലോകമാണ് അവിടെ അച്യുതമേനോന്‍ കാണുന്നത്.

അച്യുതമേനോനെ തിലകനും രാവുണ്ണിയെ മുരളിയും അവതരിപ്പിക്കുന്നു.വേലായുധനായി സലീം കുമാറും. മനോജ് കെ ജയനും മീര വാസുദേവും ആണ് ഡോക്ടര്‍വേഷത്തില്‍. ഇടവേളക്ക് ശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന സലീം കുമാറിന്‍റെ വേലായുധന്‍ പ്രേക്ഷകമനസില്‍ തങ്ങി നില്‍ക്കും.

എം ജി രാധാകൃഷണന്‍റെ ഛായാഗ്രഹണമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം.. എന്ന യേശുദാസ് ആലപിച്ച ഗാനവും മനസില്‍ തങ്ങും. ആലങ്കോട് ലീലാകൃഷ്ണന്‍റേതാണ് കഥയും തിരക്കഥയും.

ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചതിന് ഏകാന്തത്തിന്‍റെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :